ഒരു വര്‍ഷം മുമ്പ് രിസാലയില്‍ വന്ന ഈ സങ്കട ഹരജി എന്‍റെ കൂട്ടുകാരായ പല ലീഗ് പ്രവര്‍ത്തകരെയും അന്ന് വേദനിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് രിസാല വിരല്‍ ചൂണ്ടിയ ഗുരുതരമായ ദുരന്ത മുഖത്താണ് ഇന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്..ഒരു പുനര്‍വായന നടത്താം.
2010, ജനുവരി 23, ശനിയാഴ്ച
സിഎച്ചിന്റെ മകന് സമുദായത്തിന്റെ സങ്കടഹരജി
കേരള മുസ്ലിംകളുടെ മനസ്സാകുന്ന മാണിക്യക്കൊട്ടാരത്തിലെ കിരീടം വയ്ക്കാത്ത രാജാവായി വാണ (മുസ്ലിംലീഗ് പ്രസംഗകരുടെ സ്ഥിരം പ്രയോഗം കടമെടുക്കുന്നു) സിഎച്ച് മുഹമ്മദ്കോയ എന്ന വിജിഗീഷുവിന്റെ മകനായി ജനിച്ച താങ്കള്‍ സൗഭാഗ്യവാനാണ്. സിഎച്ചിനെക്കുറിച്ചുള്ള ഓര്‍മകള്‍ കേരളത്തിലെ പൊതുസമൂഹം മധുരോദാരമായ ഈടുവയ്പ്പായാണ് ഇന്നും കൊണ്ടുനടക്കുന്നത്. താങ്കളുടെ മുഖസൗകുമാര്യം ആ മഹാനെക്കുറിച്ചുള്ള സ്മരണകളെ പേര്‍ത്തും പേര്‍ത്തും തിരിച്ചുകൊണ്ടുവരുന്നു. രാഷ്ട്രീയ, വിദ്യാഭ്യാസ, പത്രപ്രവര്‍ത്തന, സാഹിത്യ മണ്ഡലങ്ങളില്‍ ഒരുപോലെ വിരാജിച്ച താങ്കളുടെ ബാപ്പ മുസ്ലിംലീഗിന് ദിശാബോധം നല്‍കിയ അമരക്കാരനായും മുസ്ലിംസമൂഹത്തിന് തണലും കുളിരും പകര്‍ന്ന ആല്‍മരമായും കേരളീയ പൊതുസമൂഹത്തിന് നീതിയും നെറിയുമുള്ള രാഷ്ട്രീയ നേതാവായും ചിരിയും ചിന്തയും വിതറിയ സഹൃദയനായും ജീവിച്ചു. അക്ഷരങ്ങള്‍ ആത്മപ്രകാശനത്തിനുള്ള സിദ്ധി മാത്രമല്ല ആത്മരക്ഷക്കുള്ള വരായുധം കൂടിയാണ് എന്ന് ചന്ദ്രികയിലൂടെ പ്രബുദ്ധകേരളത്തെ ബോധ്യപ്പെടുത്തിയ മഹാ മനീഷി കൂടിയായിരുന്നു അദ്ദേഹം. ഇത്രയും ആമുഖമായി പറഞ്ഞതിനു ശേഷം താങ്കളുടെ മുന്നില്‍ ഒരു സങ്കടഹരജി സമര്‍പ്പിക്കട്ടെ. ആ ഹരജി മറ്റാരുടേതുമല്ല, താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റേതാണ്. 'വെള്ളംകോരികളും വിറകുവെട്ടുകാരും' എന്ന മുദ്രയോടെ ഒരുവേള കേരളീയ മുഖ്യധാര മാറ്റിനിര്‍ത്തിയപ്പോള്‍ അവരെ വിജ്ഞാനത്തിന്റെയും വിചാരവിപ്ലവത്തിന്റെയും രാജപാതയിലൂടെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടുവന്നത് താങ്കളുടെ ബാപ്പയെപോലുള്ള കുറെ നിസ്വാര്‍ത്ഥസേവകരായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ? അവര്‍ക്ക് സിഎച്ചിന്റെ പുത്രന്‍ എന്ന നിലയില്‍ താങ്കളോട് പെരുത്തും സ്നേഹമുണ്ട്. താങ്കള്‍ വളര്‍ന്നു വലുതായി മറ്റൊരു സിഎച്ചായി പാര്‍ട്ടിയുടെ അഗ്രിമസ്ഥാനത്ത് വന്നുനില്‍ക്കുമെന്നൊക്കെ ഒരു കാലത്ത് അവര്‍ സ്വപ്നം കണ്ടിരുന്നു. താങ്കള്‍ ആദ്യമായി കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍നിന്ന് ജയിച്ചു കയറിയപ്പോള്‍ ദി ഹിന്ദു പത്രം 'ചരിത്ര പുരുഷന്റെ പുത്രന്‍ ' എന്നാണ് വിശേഷിപ്പിച്ചത് എന്തു പ്രതീക്ഷയിലായിരുന്നു അവര്‍ നോക്കിക്കണ്ടതെന്നോ? യുവജനയാത്രയിലൂടെ കേരള രാഷ്ട്രീയത്തിലേക്ക് ഡോക്ടറായ താങ്കള്‍ ഇറങ്ങിവരാന്‍ ധീരമായ തീരുമാനമെടുത്തപ്പോള്‍ മഞ്ചേശ്വരം മുതല്‍ മാര്‍ത്താണ്ഡംവരെയുള്ള യുവസമൂഹം ഉറക്കമൊഴിഞ്ഞ് കാത്തിരുന്നത് താങ്കള്‍ ഓര്‍ക്കുന്നില്ലേ? എന്തെല്ലാം സ്വപ്നങ്ങളായിരുന്നു അവരന്ന് നെയ്തെടുത്തത്? എന്നാല്‍ ഇന്ന് മുസ്ലിംലീഗിലെ സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കു പോലും താങ്കളുടെ മുന്നില്‍ ഒരു പാട് ആവലാതികളും സങ്കടങ്ങളും നിരാശയും നിരത്താനുണ്ട് എന്ന യാഥാര്‍ത്ഥ്യം താങ്കളറിയുമോ എന്ന് തീര്‍ച്ചയില്ല. 'ഡോ. എം കെ മുനീറിന്റെ പ്രതിഛായ' തകരുന്നതില്‍ താങ്കളെക്കാള്‍ നെഞ്ചുപൊട്ടുന്നവരുണ്ട്. 'എത്ര കോടികള്‍ കിട്ടിയാലാണ് എന്റെ നഷ്ടങ്ങള്‍ക്ക് പകരമാവുക' എന്നും 'എന്റെ ശരീരത്തില്‍ തകര്‍ക്കപ്പെട്ട കോശങ്ങള്‍ ആര്‍ക്ക് പുനര്‍നിര്‍മിക്കാനാവും' എന്നുമൊക്കെ ചോദിക്കുന്ന താങ്കള്‍, താങ്കളുടെ സമുദായം ഇപ്പോള്‍ കൊണ്ടുനടക്കുന്ന വേദനകളെയും ആക്രന്ദനങ്ങളെയും കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? താങ്കളെ തലപ്പത്തിരുത്തി ഒരു സമൂഹത്തെ മൊത്തത്തില്‍ ചീഞ്ഞളിഞ്ഞ ശവത്തെ പരുന്തുകള്‍ കൊത്തിവലിക്കും പോലെ ഇന്ത്യാവിഷന്‍ എന്ന താങ്കളുടെ സ്വപ്നചാനല്‍ 24 മണിക്കൂറും കൊത്തിവലിച്ച് കേരളീയ പൊതുസമൂഹത്തിനു മുന്നിലിട്ട് നാറ്റുമ്പോള്‍ 'നിഷ്പക്ഷ' ചാനല്‍ മുതലാളി എന്ന ഖ്യാതിയില്‍ തന്റെ പ്രതിഛായ കൂടിക്കൂടിവരികയാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? അടുത്ത കാലത്ത് 'ലൗ ജിഹാദ്, തീവ്രവാദം, സൂഫിയ മഅ്ദനി' തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരളത്തിലെ മീഡിയ പൊന്നോണം കൊണ്ടാടിയപ്പോള്‍ എങ്ങനെയായിരുന്നു താങ്കള്‍ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ ചാനല്‍ ആ വിഷയങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ചിന്തിച്ചിട്ടുണ്ടോ? എപ്പോഴെങ്കിലും ഇരകളോട് നീതി കാട്ടിയതായി അന്വേഷിച്ചിട്ടുണ്ടോ? നിഷ്പക്ഷ മാധ്യമങ്ങള്‍ കാണിക്കേണ്ട സാമാന്യമര്യാദയുടെ ആയിരത്തിലൊരംശം ഇന്ത്യാവിഷനില്‍നിന്ന് താങ്കളുടെ സമുദായത്തിന് പ്രതീക്ഷിക്കാന്‍ അവകാശമുണ്ടെന്ന് പറയാന്‍ താങ്കള്‍ക്ക് ധൈര്യമുണ്ടോ? എന്താണ് നിഷ്പക്ഷത കൊണ്ട് താങ്കള്‍ അര്‍ഥമാക്കുന്നത്? ചാനല്‍ചെയര്‍മാന്‍ ന്യൂസ്‌റൂമില്‍ നിന്ന് ആയിരം കാതമകലെ അടച്ചിട്ട മുറിയില്‍ കണ്ണും ചിമ്മിയിരിക്കുക. നികേഷുകുമാറും ഭഗത്തുമാരും വായയില്‍ തോന്നിയത് വിളിച്ചു കൂവുകയും നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യുക. വേദന കൊണ്ട് പുളയുന്ന ഇരകളെ നോക്കി കളിയാക്കി ചിരിക്കുക. അവിടെ സത്യത്തിന്റെയോ സാമാന്യ നീതിയുടെയോ നേരിന്റെയോ നെറിയുടെയോ പ്രശ്നം ഉല്‍ഭവിക്കുന്നില്ലെന്ന് സ്വയം തീരുമാനിച്ച് സമാധാനിക്കുക. ഭീതിദമായൊരു പ്രതിസന്ധിയല്ലേ ഇത്? 'കാത്തിരിക്കുന്നവനിലേക്ക് നീതി വരും, വൈകിയാണെങ്കിലും' എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ താങ്കളെഴുതിയ നീണ്ട കുറിപ്പ് വായിച്ചപ്പോള്‍ ശാഹിദിന് അന്നുറക്കം വന്നില്ല; കാരണം എന്തുമാത്രം വൈരുധ്യങ്ങളും വിവരക്കേടുകളുമാണ് താങ്കള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നോര്‍ത്ത്. അത് മുഴുവന്‍ വായിച്ചുകഴിഞ്ഞപ്പോള്‍ ഒരു ചോദ്യം മനസ്സില്‍ കലപില കൂട്ടുന്നുണ്ടായിരുന്നു. ഇത്രമാത്രം കഷ്ടപ്പെട്ടിട്ട് മിസ്റ്റര്‍ മുനീര്‍ എന്തിനാണ് ഈ ചാനല്‍ നിലനിര്‍ത്തുന്നത്? മുനീറിന്റെ കുടുംബത്തിന് വല്ല മെച്ചവുമുണ്ടോ? താങ്കള്‍ തന്നെ 'ഭാഷാപോഷിണി' യില്‍ ഒരിക്കല്‍ എഴുതി, എംഎല്‍എ യും മന്ത്രിയുമൊക്കെയായിട്ടും എന്റെ ഉമ്മാക്ക് ഒരു രൂപ പോലും ഞാനിതുവരെ കൊടുത്തിട്ടില്ലെന്ന്. ആ നല്ല ഉമ്മാക്ക് 'മുനി' യെ നന്നായി അറിയുന്നതു കൊണ്ട് അവര്‍ക്ക് അണുമണിത്തൂക്കം പരിഭവം ഉണ്ടായിട്ടില്ലായിരിക്കാം. വീട് പോലും ബാങ്കില്‍ പണയത്തിലാണെന്നും ഇപ്പോള്‍ എഴുതുന്നു. എന്തിനാണ് വിനീതയെയും മക്കളെയും ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്? ധര്‍മം തുടങ്ങേണ്ടത് വീട്ടില്‍ നിന്നല്ലേ? കുടുംബത്തെ പെരുവഴിയിലാക്കിയാണോ ചാനല്‍ചന്തയില്‍ വ്യക്തിപ്രഭാവം ഉയര്‍ത്തിപ്പിടിക്കേണ്ടത്? ഇങ്ങനെ നിഷ്പക്ഷമാധ്യമ പ്രവര്‍ത്തനം നടത്തി കേരളീയര്‍ക്ക് കാണിച്ചുകൊടുക്കണമെന്ന് ആരെങ്കിലും ഒസ്യത്ത് ചെയ്തിട്ടുണ്ടോ? '
എന്നും എന്റെ ഹൃദയത്തില്‍ കൊളുത്തിവയ്ക്കപ്പെട്ട വെളിച്ചമായിരുന്നു എന്റെ പാര്‍ട്ടി'
എന്ന് ഖാഇദെമില്ലത്ത് ഇസ്മാഇല്‍ സാഹിബിന്റെ ഓര്‍മകളയവിറക്കി താങ്കള്‍ ആവേശം കൊള്ളുന്നുണ്ട്. ഈ പാര്‍ട്ടി ഇന്ത്യാവിഷന്‍ എന്ന ചാനല്‍കൊണ്ട് എന്തെങ്കിലും ഒരു ഗുണം കിട്ടിയതായി താങ്കള്‍ക്ക് നെഞ്ചത്ത് കൈവച്ച് പറയാനൊക്കുമോ? അതേസമയം പിണറായി വിജയന്റെ കൈരളി ചാനലില്‍നിന്ന് ഏല്‍ക്കേണ്ടി വരാത്ത ദ്രോഹങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നില്ലേ? നിഷ്പക്ഷത തെളിയിക്കാന്‍ പാര്‍ട്ടി ജന.സെക്രട്ടറിക്കെതിരെ തെരുവ് അഭിസാരികയെ സ്റ്റുഡിയോവിലേക്ക് വിളിച്ചുകൊണ്ടുവന്ന് അന്തരീക്ഷ മലിനീകരണം നടത്തേണ്ടിവന്നില്ലേ? ഈ ഭൂമുഖത്ത് ഏതെങ്കിലും ഒരു പാര്‍ട്ടിയില്‍ നടക്കുന്നതാണോ ഇത്? 'കുഞ്ഞാലിക്കുട്ടി സാഹിബിന്റെ മനസ്സിലേല്‍പിച്ച മുറിവ് ഉണക്കാന്‍ എനിക്ക് ആയോ എന്ന് ചോദിച്ചാല്‍ ഞാന്‍ മറുപടിയില്ലാത്തവനാണ്' എന്ന വാചകത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി സാഹിബിനല്ല, ഉമ്മയുടെ വയറ്റില്‍ കിടന്ന ഒരു കുട്ടിക്കും ഇത്തരം അവഹേളനങ്ങള്‍ അവസാനശ്വാസം വരെ മറക്കാനോ പൊറുക്കാനോ കഴിയില്ല. എന്നിട്ടും എന്തുകൊണ്ട് മുനീര്‍ മുസ്ലിംലീഗില്‍ ബാക്കിയായി എന്ന ചോദ്യത്തിനുള്ള ഉത്തരം ആമുഖത്തിലുണ്ട്. സി എച്ചിന്റെ മകനായിപ്പോയി എന്നതു തന്നെ. കാലത്തിന്റെ അപ്രതിഹത പ്രവാഹത്തില്‍ വിസ്മൃതിയിലേക്ക് പയ്യെ പയ്യെ മറയുകയായിരുന്ന ഒരു ദുഃഖസമസ്യയെ വീണ്ടും എടുത്തുപുറത്തിട്ടപ്പോള്‍ 'സംഹാരിയായ' ഹസന്‍ ചേളാരി അതില്‍ എണ്ണയൊഴിച്ചു. താങ്കള്‍ പറഞ്ഞത് മുഴുവന്‍ പൊള്ളയാണെന്ന് സമര്‍ത്ഥിക്കുന്നതില്‍ ആ സംഹാരി ഒരു പരിധിവരെ വിജയിക്കുകയും ചെയ്തുവെന്ന് തോന്നുന്നു. 'കുഞ്ഞാലിക്കുട്ടിയെ ഇതില്‍ സഹകരിപ്പിച്ചാല്‍ മൂപ്പര്‍ ഇത് ഹൈജാക്ക് ചെയ്യും. അയാള്‍ രാഷ്ട്രീയമായി ഇല്ലാതാക്കും. ഞാന്‍ യത്തീമാണ്. ഹസ്സന്‍ക്ക എന്നെ കൈവിടരുത്' എന്ന് പൊട്ടിക്കരഞ്ഞ് പറഞ്ഞു എന്ന് എഴുതുമ്പോള്‍ ആര് വിശ്വസിച്ചില്ലെങ്കിലും പി കെ കുഞ്ഞാലിക്കുട്ടി എന്ന മനുഷ്യന്‍ വിശ്വസിക്കാതിരിക്കുമോ? എന്തുമാത്രം അവിശ്വാസ്യതയാണ് രണ്ടു നേതാക്കള്‍ക്കിടയില്‍ ഇത്തരം വിവാദങ്ങള്‍ ഉദ്പ്പാദിപ്പിക്കുന്നത്. പാര്‍ട്ടിയെ എന്തുമാത്രം അത് ക്ഷീണിപ്പിക്കുന്നുണ്ട്. അപ്പോള്‍ ഇന്ത്യാവിഷന്‍ എന്ന ചാനല്‍ താങ്കളുടെ പൊളിറ്റിക്കല്‍ കരിയറിന് എന്തുമാത്രം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് എപ്പോഴെങ്കിലും ഇരുന്നുചിന്തിച്ചിട്ടുണ്ടോ? ഇനി സമുദായത്തിന്റെ കാര്യമോ? അവരില്‍ നുരഞ്ഞുപൊങ്ങുന്ന അമര്‍ഷവും രോഷവും ഒരു പക്ഷേ താങ്കള്‍ മനസ്സിലാക്കിയതിന്റെ ആയിരമിരട്ടിയാവാം. ഇന്ത്യാവിഷന്‍ എന്ന സ്വപ്നവുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ സിഎച്ചിന്റെ പുന്നാരപുത്രന്‍ എന്നതു കൊണ്ട് മാത്രം താങ്കളോട് സഹകരിച്ച കുറെ നല്ല മനുഷ്യരെക്കുറിച്ച് താങ്കള്‍ തന്നെ എഴുതിയില്ലേ? പ്രമുഖരെല്ലാം പുറംതിരിഞ്ഞുനിന്നപ്പോള്‍ ലേബര്‍ ക്യാമ്പുകളിലെയും കഫ്തീരിയയിലെയും സാധാരണക്കാര്‍ ഒപ്പം നിന്നു. എത്രയോ യാത്രകള്‍ ചെയ്തു. ചരിത്രമുറങ്ങുന്ന ഗുഹകളിലൂടെ, പാലങ്ങള്‍ തകര്‍ന്നുപോയ പുഴകള്‍ കടന്ന്, മണലാരണ്യങ്ങള്‍ താണ്ടി, സുര്യാതാപത്തില്‍ വലഞ്ഞ്. കമ്മീഷ് മുഷൈത്ത്, ജിസാന്‍, അല്‍ഖോബാര്‍, റിയാദ്, ദമാം...ദുബൈ,ഷാര്‍ജ ,അജ്മാന്‍ .അല്‍ ഐന്‍ ,അബൂദബി ... ആ പച്ചമനുഷ്യര്‍ക്ക് വേണ്ടി പിന്നീട് താങ്കളുടെ ചാനല്‍ എന്തുചെയ്തു? അവരുടെ വികാരവിചാരങ്ങളൊ ആശാഭിലാഷങ്ങളൊ എന്നെങ്കിലും പ്രതിഫലിപ്പിക്കാന്‍ ചെറിയൊരു ശ്രമമെങ്കിലും നടത്തിയോ? ഇല്ല എന്നു മാത്രമല്ല അവരെ നന്നായി വേദനിപ്പിച്ചു, അവരുടെ ഹൃദയവികാരങ്ങളെ വ്രണപ്പെടുത്തി. അവരുടെ സ്വത്വബോധത്തെ കുത്തിമുറിവേല്‍പിച്ചു. ഇന്ന് നാട്ടിലും മറുനാട്ടിലുമുള്ള ശരാശരി മുസ്ലിം ഇന്ത്യാവിഷനെ ഭയപ്പെടുകയാണ്. അച്ചടി, ദൃശ്യരംഗത്തെ മറ്റു മീഡിയ കേരളീയമുസ്ലിംകളെ മുഴുവന്‍ തടിയന്റവിട നസീറിനോട് ചേര്‍ത്തുപറയുമ്പോള്‍ അതിന്റെ മുന്‍പന്തിയിലുള്ളത് ഇന്ത്യാവിഷനാണ്. ആര്‍എസ്‌എസ് കാര്യാലയത്തില്‍നിന്ന് നേരെ കയറിവന്നാണോ ഭഗത്സിംഗുമാര്‍ സംവാദങ്ങളുടെ ഉരുക്കഴിക്കുന്നതെന്ന് തോന്നിപ്പോകുംവിധം തീവ്രവലതുപക്ഷ അജണ്ട നടപ്പാക്കുന്ന വൃത്തികെട്ട മാധ്യമമായി ഇന്ത്യാവിഷന്‍ അധഃപതിച്ചിരിക്കുകയാണ്. ഫാഷിസത്തെക്കുറിച്ച് ഗ്രന്ഥം രചിച്ച താങ്കള്‍ക്ക് അറിഞ്ഞുകൂടേ അതിന്റെ വിഷധൂളികള്‍ പ്രസരിക്കുന്നത് മീഡിയയില്‍ കൂടിയാണെന്ന്. പിന്നെന്തു കൊണ്ട് തന്റെ വിയര്‍പ്പും നിശ്വാസവും ചോരയും ആരോഗ്യവും ഊറ്റിയെടുത്ത ഒരു ചാനലിനെ ന്യൂനപക്ഷവിരുദ്ധ 'മെഷിനായി' മാറാന്‍ വിട്ടുകൊടുത്തു? തുടക്കത്തിലെ ചെയ്ത ഒരബദ്ധത്തില്‍ നിന്ന് മുളപൊട്ടിയ ദുരന്തത്തിന്റെ പരിണതിയാണ് ഈ പതനമെന്ന് കാണാം. പണ്ട് വാഴ വീതം വച്ചപ്പോള്‍ പച്ചയിലയെടുത്ത് വിജയം കൊണ്ടാടിയ ആമയുടെ ദുര്‍ഗതിയാണ് വന്നുപെട്ടത്. ചാനലിനെ നിലനിര്‍ത്തുന്ന മുതലാളിയുടെ മുള്‍ക്കിരീടം സ്വയം എടുത്തണിഞ്ഞ് മര്‍മപ്രധാനമായ എഡിറ്റോറിയല്‍ റെസ്പോണ്‍സിബിലിറ്റി എംവി ആറിന്റെ മകന് തീരെഴുതിക്കൊടുത്തു. പിന്നെ വായയില്‍ തോന്നിയത് കോതക്ക് പാട്ടായി. വിഷയം കൈകാര്യം ചെയ്യുന്നതിലൊ അവതരിപ്പിക്കുന്നതിലോ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനലൊ പ്രൊഫഷനലിസം തൊട്ടു തീണ്ടാതെ, ഇന്നും അമേച്വറിലിസത്തിന്റെ മുഴുഭാണ്ഡവുമായി കിതച്ചുനീങ്ങുന്നു. വെറുതെയല്ല ഇന്ത്യാവിഷന്‍ നഷ്ടത്തിലോടുന്നത്. ജോണ്‍ ബ്രിട്ടാസിന്റെ ചാനല്‍ കഴിഞ്ഞ ദിവസമല്ലേ ഓഹരി ഉടമകള്‍ക്ക് അഞ്ചു ശതമാനം ഡിവിഡന്റ് വിതരണം ചെയ്തത്? നാഴികക്ക് നാല്‍പതു വട്ടം എം ടി എന്ന് മന്ത്രോച്ചാരണം നടത്തിയതു കൊണ്ട് നിലവാരമുണ്ടാവില്ല. ആ വിഷയത്തില്‍ അമൃത ടിവിയെ കണ്ടു പഠിക്ക്. കുടുംബമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, ഉന്നത നിലവാരം പുലര്‍ത്തുന്ന ചാനലായി അനതിവിദൂരമല്ലാത്ത കാലത്തിനിടയില്‍ അമ്മയുടെ ചാനല്‍ സവിശേഷമുദ്ര പതിപ്പിക്കാന്‍ പോവുകയാണ്. അന്ധവും ആത്മാഭിമാന ശൂന്യവുമായ പരാനുകരണത്തിന്റെ പാതയിലൂടെ ഇനിയും മുന്നോട്ടു പോകാനാകില്ലെന്ന് അപ്പോള്‍ ബോധ്യപ്പെടും. ഏതെങ്കിലും ഒരു വിചാരധാരയുടെ കുഴലൂത്തുകാരായി സ്വയം മാറുന്നതു കൊണ്ട് നഷ്ടപ്പെടുന്നത് ചാനലിന്റെ വിശ്വാസ്യതയും ജനപ്രീതിയുമാണ്. തീവ്രവലതുപക്ഷ അജണ്ട നടപ്പാക്കേണ്ട ദുര്‍ഗതി എന്തുകൊണ്ട് വന്നുപെട്ടു എന്ന് താങ്കള്‍ ഇനിയെങ്കിലും പുനര്‍വിചിന്തനം നടത്തണം. ആ വിചിന്തനങ്ങളില്‍ നികേഷ്കുമാറിനെയും കൂടെ കൂട്ടുന്നത് നന്ന്. അതിന് മുമ്പ് നോചോംസ്കിയുടെ പുസ്തകം ഒരാവര്‍ത്തി വായിക്കുക. അടിസ്ഥാനപരമായ ചോദ്യങ്ങള്‍ മാറ്റിവച്ച് എലൈറ്റ് ക്ലാസിന്റെ കൈയിലുള്ള മീഡിയ എങ്ങനെ സംവാദങ്ങളെ വഴി തിരിച്ചുവിടുന്നു എന്നതിനെക്കുറിച്ച് ചോംസ്കി ഉദാഹരണ സഹിതം ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ന് ഭൂമുഖത്ത് നിലനില്‍ക്കുന്ന ഏറ്റവും വിപദ്കരവും മാനുഷികവിരുദ്ധവും ഹിംസാത്മകവുമായ സംഘ്പരിവാര്‍ വിചാരധാരയെ കേരളീയ പൊതുസമൂഹത്തിന്റെ ചിന്താപദ്ധതിയായി മാറ്റിയെടുക്കാന്‍ മീഡിയ മനഃപൂര്‍വം നടത്തുന്ന ശ്രമങ്ങളില്‍ ഇന്ത്യാവിഷന്റെ സംഭാവന എന്താണെന്ന് അപ്പോള്‍ താങ്കള്‍ക്ക് മനസ്സിലാവും. വീട്ടിലെ വേലക്കാരെയും വഴിനടന്നുപോകുന്ന പാവങ്ങളെയും തെരഞ്ഞുപിടിച്ച് കടിക്കുന്ന അപൂര്‍വ രോഗമുള്ള ഭ്രാന്തന്‍നായയെയാണ് ഗള്‍ഫിലെ പാവങ്ങളുടെ അധ്വാനഫലം കൊണ്ട് താന്‍ വാങ്ങിപ്പോറ്റുന്നതെന്ന് തിരിച്ചറിയുക. മാധ്യമങ്ങളുടെ അണിയറയെക്കുറിച്ച് അവരുടെ സമുദായം നോക്കി അടയാളമിടുന്ന രീതി അശാസ്യമാണോ? ഇത് മനസ്സിലാക്കാന്‍ ത്രാണിയില്ലാത്ത ചാനല്‍ മുതലാളിയാണ് ഡോ. മുനീറെന്ന് ശാഹിദ് കരുതുന്നില്ല. 'സെക്യുലര്‍' പട്ടത്തിനു വേണ്ടി മുനീര്‍ കുനിഞ്ഞുകൊടുക്കുകയാണ്. എന്‍എസ്‌എസിന്റെ വേദിയില്‍ ചെന്ന് താന്‍ പ്രതിനിധാനം ചെയ്യുന്ന ജനസമൂഹത്തിന്റെ അവകാശങ്ങള്‍ അണുമണിത്തൂക്കം വിട്ടുതരാന്‍ തയാറല്ല എന്ന് പ്രസംഗിക്കാന്‍ ആര്‍ജവം കാണിച്ച സിഎച്ചിന്റെ മകന്‍ ആരെയാണ് തൃപ്തിപ്പെടുത്താന്‍ മെനക്കെടുന്നത്? നിഷ്പക്ഷത തെളിയിക്കാന്‍ ഓരോ വിവാദമുണ്ടാകുമ്പോഴും ബിജെപി ആസ്ഥാനത്തേക്ക് വിളിച്ച് സുരേന്ദ്രന്റെ വിഷലിപ്ത മൊഴിയെടുക്കുന്ന രീതിയിലടങ്ങിയ അപകടം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ബിബിസിയുടെ ക്വസ്റ്റ്യന്‍ ടൈമിലെ പാനലിസ്റ്റുകളില്‍ വലതുപക്ഷപാര്‍ട്ടിയായ ബിഎന്‍പി നേതാവായ നിക്ഗ്രിഫിനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ബ്രിട്ടനില്‍ എന്തുമാത്രം കോലാഹലമുണ്ടായി? എപ്പോഴെങ്കിലും ക്ഷണിക്കപ്പെടാന്‍ മാത്രം ബിഎന്‍പിക്ക് ജനങ്ങളുടെ ഇടയില്‍ സ്വാധീനമുണ്ട് എന്ന് ബിബിസി ഡയറക്ടര്‍ ജനറല്‍ മാര്‍ക് തോംസണ്‍ ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ലണ്ടനില്‍ ബിബിസി ടെലിവിഷന്‍ ആസ്ഥാനത്തേക്ക് നൂറുകണക്കിനാളുകള്‍ പ്രതിഷേധ പ്രകടനം നടത്തിയത് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ബിഎന്‍പിയെക്കാള്‍ പതിന്മടങ്ങ് വിഷം വമിക്കുന്ന ബിജെപി പ്രതിനിധിയെകൊണ്ട് സമുദായത്തെ തെറി പറയിപ്പിക്കുമ്പോള്‍ സമുദായത്തിന്റെ സെന്‍സിബിലിറ്റിയെക്കുറിച്ച് എപ്പോഴെങ്കിലും ഡോ മുനീര്‍ ചിന്തിച്ചിട്ടുണ്ടോ? അല്ലെങ്കില്‍ ഭൂമി മലയാളത്തില്‍ നടക്കുന്ന എന്തിനെക്കുറിച്ചും അഭിപ്രായം പറയാന്‍ സംഘ്പരിവാര്‍ ആസ്ഥാനത്തേക്ക് ഓടുന്നതിനു പിന്നിലെ ചേതോവികാരം മനസ്സിലാക്കാന്‍ ഏത് ചാനല്‍ ഉടമക്കാണ് സാമാന്യബുദ്ധി ഇല്ലാത്തത്? വിഷയം നീതിയുടെതും സത്യത്തിന്റെതുമാണ്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയെ കാലം ഓര്‍ക്കുന്നത് ബ്രിട്ടീഷ്-നാടുവാഴിത്തവിരുദ്ധനായ രാമകൃഷ്ണപിള്ളയുടെ പിന്നില്‍ 'സ്വദേശാഭിമാനി'യിലൂടെ പ്രതിരോധം തീര്‍ത്തതുകൊണ്ടാണ്. അല്ലാതെ ആ കാലഘട്ടത്തിലെ നശീകരണ ശക്തികളുടെ പിന്നില്‍ അണിനിരന്നതു കൊണ്ടല്ല. പുനര്‍വിചിന്തനത്തിന് ഡോ. മുനീര്‍ തയാറാവണം. കിട്ടാവുന്ന ഉറവിടങ്ങളില്‍ നിന്നൊക്കെ കടംവാങ്ങി മുന്നോട്ടു കൊണ്ടുപോവുന്ന ചാനലിനെ ഈ വിധം കയറൂരിവിട്ടുകൂടാ. കടിഞ്ഞാണ്‍ ആവശ്യമാണ്. സബൂറിന് ഒരതിരുണ്ട്. സമുദായത്തിലെ ആണ്‍കുട്ടികള്‍ തടി മെനക്കെടുത്തി പ്രതികരിച്ചുപോയാല്‍ ചരിത്രം ചിരിക്കും. അതിന് ഇട വരാതിതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.
ഒരു വര്‍ഷം മുമ്പ് വിമര്‍ശിക്കാനും അരിശം കൊള്ളാനും വന്ന രാഷ്ട്രീയ ചാനക്യന്മാര്‍ രാഷ്ട്രീയമറിയാത്ത ഞങ്ങളുടെ മനസ്സിലെ ഒരു വര്‍ഷം മുമ്പത്തെ ധര്‍മ്മ രോഷം ഒന്ന് കൂടി വിലയിരുത്തുക. വരികള്‍ ചലിപ്പിച്ച ശാഹിദ് ഒരു പ്രതീകം മാത്രം.
അതൊരു ഉത്ബുദ്ധ ജനതയുടെ അടക്കിപ്പിടിച്ച വികാരം ആയിരുന്നു.
ഇന്ന് ശരാശരി എല്ലാ ലീഗുകാരുടെയും..!
Feb 2, 2011
ഒരു വര്‍ഷം മുമ്പ് രിസാല വിരല്‍ ചൂണ്ടിയ ഗുരുതരമായ ദുരന്ത മുഖത്താണ് ഇന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
Subscribe to:
Post Comments (Atom)
No comments:
Write comments