Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 21, 2013

എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് വെട്ടിക്കുറക്കല്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

അബൂദബി: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ അനുവദിച്ചിരുന്ന ബാഗേജ് 30 കിലോയില്‍ നിന്ന് 20 കിലോ ആയി വെട്ടിക്കുറച്ചത് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍. ആഗസ്റ്റ് 22 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കുന്നവര്‍ 30 കിലോ ബാഗേജ് കൊണ്ടുപോകണമെങ്കില്‍ അധികമായി 30 ദിര്‍ഹം നല്‍കണം. ബാഗേജ് വെട്ടിക്കുറച്ച എയര്‍ ഇന്ത്യ നടപടിക്കെതിരെ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് തീരുമാനം നടപ്പാകുന്നത്. കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകാന്‍ വേണ്ടിയാണ് ബാഗേജ് വെട്ടിക്കുറക്കുന്നതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. മറ്റ് വിമാന കമ്പനികളെല്ലാം 30 കിലോ ബാഗേജ് അനുവദിക്കുമ്പോഴാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് 20 കിലോ ആയി കുറച്ചിരിക്കുന്നത്.
ബാഗേജ് അലവന്‍സ് വെട്ടിക്കുറക്കാനുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ തീരുമാനം കഴിഞ്ഞ മാസം പുറത്തുവന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളുടെ ഫലമായി അധികമായുള്ള 10 കിലോക്ക് 50 ദിര്‍ഹം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നും പ്രതിഷേധം ശക്തമായപ്പോള്‍ കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ.സി. വേണുഗോപാല്‍ ഇടപെട്ട് 30 ദിര്‍ഹമായി കുറക്കുകയായിരുന്നു.
ഗള്‍ഫ്- ഇന്ത്യ സെക്ടറില്‍ നാരോ ബോഡി വിമാനങ്ങളാണ് സര്‍വീസിനുപയോഗിക്കുന്നതെന്നും കൂടുതല്‍ ലഗേജ് അനുവദിക്കുന്നത് മൂലം 25ഓളം സീറ്റുകള്‍ ഒഴിച്ചിട്ടാണ് സര്‍വീസ് നടത്തുന്നതെന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ലഗേജ് കുറക്കുന്നതിലൂടെ 25 പേര്‍ക്ക് കൂടി യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും. കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിലൂടെ നിരക്കിലും കുറവ് ലഭിക്കുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നു.
അതേസമയം, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് യാത്രക്കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുകയാണ് എയര്‍ ഇന്ത്യ മാനേജ്മെന്‍റ് ചെയ്യുന്നതെന്ന് പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു. പ്രവാസികളെ പിഴിയുന്ന എയര്‍ ഇന്ത്യ നടപടികളുടെ തുടര്‍ച്ചയാണ് ലഗേജ് വെട്ടിക്കുറക്കലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. സൗജന്യമായി ലഭിച്ചിരുന്ന ആനുകൂല്യത്തിന് ഒരു ദിര്‍ഹം പോലും അധികമായി നല്‍കാന്‍ കഴിയില്ല. തീരുമാനം പൂര്‍ണമായും പിന്‍വലിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് ബഹിഷ്കരിക്കല്‍ അടക്കം കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും വിവിധ പ്രവാസി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

No comments:
Write comments