Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 17, 2014

എയര്‍ അറേബ്യ റാസല്‍ഖൈമയില്‍നിന്നും മെയ് ആറിന് സര്‍വീസ് തുടങ്ങും

റാസല്‍ഖൈമ: ഷാര്‍ജ ആസ്ഥാനമായുള്ള എയര്‍ അറേബ്യ വിമാനക്കമ്പനി മെയ് ആറുമുതല്‍ റാസല്‍ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.

കോഴിക്കോട് ഉള്‍പ്പെടെ ആറിടത്തേക്കാണ് ആദ്യഘട്ടത്തില്‍ സര്‍വീസ്. എന്നാല്‍, കോഴിക്കോട്ടേക്കുള്ള സര്‍വീസ് സംബന്ധിച്ച് അന്തിമാനുമതി ആയിട്ടില്ല. യു.എ.ഇ.യുടെ വടക്കന്‍ എമിറേററ്റുകളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയുടെ പുതിയ സര്‍വീസുകള്‍ ഏറെ പ്രയോജനകരമാകും. നേരത്തേ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് റാക് എയര്‍വെയ്‌സ് സര്‍വീസുകള്‍ നടത്തിയിരുന്നു.

രണ്ടുമാസം മുമ്പ് സര്‍വീസ് അവസാനിപ്പിച്ച റാസല്‍ഖൈമയുടെ റാക് എയര്‍വെയ്‌സ് വിമാനക്കമ്പനിയുടെ സംവിധാനങ്ങള്‍ എയര്‍അറേബ്യ ഏറ്റെടുത്തിരുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തിന്റെ ഭാഗമായാണ് റാസല്‍ഖൈമ വിമാനത്താവളത്തില്‍നിന്ന് എയര്‍ അറേബ്യ സര്‍വീസുകള്‍ ആരംഭിക്കുന്നത്. മെയ് ആറിന് സൗദി അറേബ്യയിലെ ജിദ്ദയിലേക്കാണ് ആദ്യസര്‍വീസെന്ന് എയര്‍അറേബ്യ സി.ഇ.ഒ. ആദല്‍ അലിയും റാസല്‍ ഖൈമ സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ശൈഖ് സാലെം ബിന്‍ സുല്‍ത്താന്‍ അല്‍ ക്വാസിമിയും പത്രസമ്മേളനത്തില്‍ അറിയിച്ചു.

കെയ്‌റോ, മസ്‌കറ്റ്, ഇസ്ലാമബാദ്, ലാഹോര്‍, പെഷവാര്‍, ധാക്ക എന്നിവിടങ്ങളാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിക്കുന്ന മറ്റ് നഗരങ്ങള്‍. കോഴിക്കോട്ടേക്ക് നിത്യേന ഒരു സര്‍വീസാണ് ലക്ഷ്യമിടുന്നത്.

റാസല്‍ഖൈമയില്‍ രണ്ട് പുതിയ എ 320 എയര്‍ബസ് വിമാനങ്ങള്‍ എയര്‍ അറേബ്യ ലഭ്യമാക്കും.
വിമാനസര്‍വീസുകള്‍ക്കൊപ്പം റാസല്‍ഖൈമയുടെ വിനോദസഞ്ചാരമേഖലയ്ക്കും പുതിയ സഹകരണം ഉണര്‍വ് നല്‍കുമെന്ന് ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു. പ്രകൃതിസൗന്ദര്യംകൊണ്ട് അനുഗ്രഹീതമായ റാസല്‍ഖൈമയില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ 2013ല്‍ 49 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കും.

2003ലാണ് എയര്‍അറേബ്യ വിമാനക്കമ്പനി നിലവില്‍ വന്നത്. ഇപ്പോള്‍ ലോകത്തെ 90 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ അറേബ്യയുടെ നാലാമത്തെ ഹബ്ബായും റാസല്‍ഖൈമ പ്രവര്‍ത്തിക്കും. യു.എ.ഇ.യിലെ ഷാര്‍ജ, ഈജിപ്തിലെ അലക്‌സാണ്‍ഡ്രിയ, മൊറോക്കോയിലെ കാസാബ്ലാങ്ക എന്നിവയാണ് എയര്‍ അറേബ്യയുടെ നിലവിലുള്ള മറ്റ് ഹബ്ബുകള്‍.

No comments:
Write comments