Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Feb 18, 2015

നൂറുല്‍ ഉലമ എംഎ ഉസ്താദ് വഫാത്തായി

കാസര്‍ഗോഡ്;സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനും ജാമിഅ സഅദിയ്യുടെ സാരഥിയും അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അന്തരിച്ചു. ഇന്നലെ രാത്രി 8.50 ഓടെ തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ സ്വവസതിയിലായിരുന്നു അന്ത്യം. 94 വയസ്സായിരുന്നു. മയ്യിത്ത് നിസ്‌കാരം ഇന്ന് കാലത്ത് എട്ട് മണിക്ക് തൃക്കരിപ്പൂരില്‍. ഖബറടക്കം പന്ത്രണ്ട് മണിക്ക് ജാമിഅ സഅദിയ്യയില്‍. അരനൂറ്റാണ്ടിലേറെക്കാലം സമസ്തയുടെ കര്‍മവീഥിയില്‍ പ്രവര്‍ത്തിച്ച പണ്ഡിതനായിരുന്നു എം എ ഉസ്താദ്. പ്രസംഗ രംഗത്തും എഴുത്തിലും ഒരുപോലെ ശോഭിച്ച ഈ പണ്ഡിതകാരണവര്‍ സുന്നീ പ്രസ്ഥാനത്തിന്റെ ബൗദ്ധിക കേന്ദ്രമായാണ് പ്രവര്‍ത്തിച്ചത്. 1951ല്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ ഉത്ഭവത്തിലേക്ക് നയിച്ചത് നൂറുല്‍ ഉലമ എം എ ഉസ്താദ് അല്‍ ബയാന്‍ പത്രത്തില്‍ എഴുതിയ ലേഖനമായിരുന്നു. 1924 ജൂലൈ ഒന്നിന് (റജബ് 29) തിങ്കളാഴ്ച തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയില്‍ കുറിയ അബ്ദുല്ല ഹാജിയുടെയും നാലുരപ്പാട് മറിയമിന്റെയും മകനായാണ് ജനനം. മാതാമഹാന്റെയും അമ്മാവന്റെയും കീഴില്‍ പ്രാഥമിക പഠനം നടത്തിയ ശേഷം പ്രധാനമായും വിദ്യാര്‍ഥി ജീവിതം നയിച്ചത് ബീരിച്ചേരി ദര്‍സിലായിരുന്നു. അവിടെ പ്രധാന മുദര്‍രിസായിരുന്ന ശാഹുല്‍ ഹമീദ് തങ്ങള്‍ക്ക് കീഴില്‍ പത്ത് വര്‍ഷം പഠിച്ചു. തസവ്വുഫിന്റെ ഗുരു കൂടിയായ തങ്ങള്‍ എം എയെ ആത്മീയമായി വളര്‍ത്തി. ആധുനിക അറബിയിലും ഉറുദുവിലും ഇക്കാലയളവില്‍ പ്രാഗത്ഭ്യം നേടി. സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടനാകുകയും മയ്യിത്ത് പരിപാലന സംഘത്തിലൂടെ പൊതുരംഗത്ത് കടന്നു വരികയും ചെയ്തു. 1951 ല്‍ ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിലൂടെ സമസ്തയിലേക്ക് കാലെടുത്തുവെച്ച എം എ പീന്നീട് ദീര്‍ഘകാലം ബോര്‍ഡിന്റെ പ്രസിഡന്റായി സേവനം ചെയ്തു. 1989 മുതല്‍ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. മദ്‌റസ അധ്യാപകരുടെ സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം കൊണ്ടത് എം എ ഉസ്താദിന്റെ നേതൃത്വത്തിലായിരുന്നു. 1954 സമസ്ത കേരള സുന്നി യുവജന സംഘം രൂപവത്കരണത്തില്‍ പങ്കാളിയായ എം എ, 1982ല്‍ ഇ കെ ഹസന്‍ മുസ്‌ലിയാരുടെ പിന്‍ഗാമിയായി പ്രസിഡന്റ് പദത്തിലെത്തി. 1995 വരെ പന്ത്രണ്ട് വര്‍ഷം ആ പദവിയില്‍ സേവനം ചെയ്തു. 1989 മുതല്‍ 2013 വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനായിരുന്നു. 2013ല്‍ സമസ്തയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. സമസ്തക്ക് ജില്ലാ കമ്മിറ്റി രൂപം കൊണ്ടപ്പോള്‍ 1973 മുതല്‍ അവിഭക്ത സമസ്തയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദീര്‍ഘകാലം കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. സമന്വയ വിദ്യാഭ്യാസത്തിന്റെ ശില്‍പ്പിയായ അദ്ദേഹം ഉത്ഭവം മുതല്‍ സഅദിയ്യയുടെ സാരഥിയാണ്. ആനുകാലികങ്ങളില്‍ സ്ഥിരമായി എഴുതാറുള്ള അദ്ദേഹത്തിന്റേതായി മലയാളം, അറബി ഭാഷകളിലായി നാല്‍പ്പതിലേറെ പ്രൗഢ ഗ്രന്ഥങ്ങളുണ്ട്. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച സാമൂഹിക സേവനത്തിനുള്ള മുസ്തഫ അവാര്‍ഡ്, ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന്റെ എസ് വൈ എസ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡ്, മികച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കോടമ്പുഴ ഗസ്സാലി അവാര്‍ഡ്, എസ് എസ് എഫിന്റെ മഖ്ദൂം അവാര്‍ഡ് തുടങ്ങിയവ എം എ ഉസ്താദിന് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ മക്കള്‍: നഫീസ, കുഞ്ഞഹമ്മദ്, ബഫാത്വിമ, അബ്ദുല്‍ വഹാബ്, ജുവൈരിയ്യ. കാസര്‍ക്കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ എളമ്പച്ചി, കൈക്കോട്ടുകടവിലാണിപ്പോള്‍ താമസം.

കൃത്യനിഷ്ഠയിലും, സമയനിഷ്ഠയിലും തുല്യതയില്ലാത്ത മാതൃകയുള്ള ഉസ്താദ് 
കര്‍മനിരതമെന്ന് ചിലരുടെ ജീവിതത്തെ സംബന്ധിച്ച് ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ എം എ ഉസ്താദിന്റെ കാര്യത്തില്‍ ആലങ്കാരികമല്ല, തികച്ചും വസ്തുനിഷ്ഠമാണ് ഈ വിശേഷണം. പുലര്‍ച്ചെ തഹജ്ജുദിന് എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി ഉറങ്ങാന്‍ പോകുന്നത് വരെ നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, വിര്‍ദുകള്‍, ദര്‍സ്, സ്ഥാപന മേല്‍നോട്ടം, എഴുത്ത് എന്നിങ്ങനെ നിരന്തരം കര്‍മധന്യമായിരിക്കും ആ ജീവിതം. ഉപകാരപ്രദമായ ഒരു വിഷയത്തിനല്ലാതെ അനാവശ്യമായ ഏതെങ്കിലും കാര്യത്തിലോ, സംസാരങ്ങളിലോ അദ്ദേഹം ഏര്‍പ്പെടാറില്ല. ചിലപ്പോള്‍ മറ്റുള്ളവരുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കെ തന്നെ എഴുത്തും മുത്വാലഅയും നടക്കുന്നുണ്ടാകും. ജീവിതത്തില്‍ എം എയെപ്പോലെ കൃത്യനിഷ്ഠ പാലിക്കുന്ന നേതാക്കള്‍ അപൂര്‍വമാണ്. അദ്ദേഹവുമായി പലപ്പോഴും അടുത്തിടപഴകാന്‍ അവസരം ലഭിച്ച പി എ കെ മുഴപ്പാലയുടെ വാക്കുകള്‍: ‘കൃത്യനിഷ്ഠയിലും, സമയനിഷ്ഠയിലും തുല്യതയില്ലാത്ത മാതൃകയുള്ള ഉസ്താദ് ഞങ്ങള്‍ക്ക് ഒരത്ഭുതമായിരുന്നു. ദിവസത്തിലെ ഓരോ മിനുട്ടിലും കൃത്യമായ പരിപാടിയുണ്ടായിരിക്കും ഉസ്താദിന്. ദര്‍സിന് ഭംഗം വരാതെ പൊതുപരിപാടികളും സാഹിത്യസൃഷ്ടികളും, മറ്റിതര സേവനങ്ങളും നിര്‍വഹിക്കുകയും, സമസ്തയുടെ വിവിധ യോഗങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും സ്റ്റേറ്റ് ബസിലും ട്രെയിനിലുമൊക്കെ ചാടിക്കയറുകയും ചെയ്യുന്ന ഉസ്താദ് ഒന്നിനും സമയം പാഴാക്കിയിരുന്നില്ല. രാത്രി മുന്ന് മണിക്കും മൂന്നരക്കുമൊക്കെ പരിപാടി കഴിഞ്ഞെത്തുന്ന അദ്ദേഹം അല്‍പ്പമൊന്ന് മയങ്ങി തഹജ്ജുദിന് എഴുന്നേല്‍ക്കുകയും സുബ്ഹിക്ക് എഴുനേല്‍ക്കാന്‍ മുതഅല്ലിംകളെ തട്ടിയുണര്‍ത്തുകയും ചെയ്യുന്നു
നഷ്ടമായത് നിസ്വാര്‍ഥനായ പണ്ഡിതനെ: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നിര്യാണത്തിലൂടെ നിസ്വാര്‍ഥനായ ഒരു പണ്ഡിതനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചിച്ചു. വിജ്ഞാന കുതുകിയും, വിദ്യാഭ്യാസ വിചക്ഷണനുമായ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ദീര്‍ഘ വീക്ഷണമുള്ള നേതാവ് കൂടിയായിരുന്നു. കേരളത്തില്‍ നിലനില്‍ക്കുന്ന മദ്‌റസാ പ്രസ്ഥാനം അദ്ദേഹത്തിന്റെ പ്രതിഭക്ക് അടിവരയിടുന്നതാണ്. പാണ്ഡിത്യവും നേതൃപാടവവും ഒരേസമയമുണ്ടായിരുന്നിട്ടും പിന്നില്‍ നിന്ന് നയിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. ഇതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതെന്നും ആഭ്യന്തര മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


No comments:
Write comments