ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങള്‍ സ്‌ത്രീകളുടെ രക്ഷയ്‌ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഒന്നിലധികം സ്‌ത്രീകളെ വേണമെങ്കില്‍ വിവാഹംചെയ്യാമെന്ന ഖുര്‍ആനിക താത്‌പര്യം ആധുനിക സമൂഹത്തിന്റെ സാംസ്‌കാരികാഭ്യുന്നതിയും ധര്‍മബോധവും ലക്ഷ്യംവെച്ചാണ് **** രണ്ടോ, മൂന്നോ, നാലോ പരമാവധി നാലുവരെ സ്‌ത്രീകളെ വിവാഹം ചെയ്യാം. ഇത് നിര്‍ബന്ധ കല്‌പ്‌പനയോ പ്രേരണയോ അല്ല. ഒരു തുറന്ന അനുവാദം മാത്രം. നീതി പാലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെങ്കില്‍ ഈ അനുവാദം ഇസ്‌ലാം നിരാകരിക്കുന്നു
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍.
സ്‌ത്രീസ്വാതന്ത്ര്യത്തിനും അവകാശസംരക്ഷണത്തിനും വേണ്ടിയുള്ള മുറവിളികള്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. സ്‌ത്രീകളുടെ വ്യക്തിപരവും സാമൂഹികവുമായ പരിരക്ഷയല്ല ഇത്തരം അനര്‍ഥമായ വിലാപങ്ങള്‍ക്ക് പിന്നിലുള്ളത്. സംവാദങ്ങളില്‍ നിരന്തരം സാന്നിധ്യമുണ്ടാവണമെന്ന ചിലരുടെ ദുഷ്‌ടബുദ്ധിയാണ്. എവിടെയാണ് പിഴച്ചത്? ഏതു നിയമസംഹിതയാണ് സ്‌ത്രീസുരക്ഷിതത്വത്തിനും സ്വാതന്ത്ര്യത്തിനും ഇനി അവലംബിക്കേണ്ടത്. സ്‌ത്രീസ്വാതന്ത്ര്യമെന്നാല്‍ എന്താണ് വിവക്ഷിക്കേണ്ടത്? എങ്ങനെയാണതിനു സാര്‍ഥകമായ ഒരു പ്ലാറ്റ്‌ഫോം രൂപീകരിക്കേണ്ടത്? ഈ ചോദ്യങ്ങള്‍ വിവിധ വേദികളിലും മാധ്യമങ്ങളിലും ഉയരുന്നുണ്ട്‌്. സ്‌ത്രീസ്വാതന്ത്ര്യത്തിന്റെ ദുരന്തചിത്രങ്ങള്‍ അയവിറക്കി പ്രേക്ഷകഹൃദയങ്ങള്‍ക്കു മുന്നില്‍ ശൗര്യം കാണിക്കുന്നവര്‍, ഏതു നിയമമാണ്, വ്യവസ്ഥയാണ് സ്‌ത്രീകള്‍ക്കഭികാമ്യം എന്നു തീര്‍ത്തുപറയാന്‍ തയ്യാറാവുന്നില്ല. എന്നുമാത്രമല്ല, സ്വജീവിതത്തില്‍ തങ്ങളുന്നയിക്കുന്ന വാദം എത്രകണ്ട് പ്രായോഗികമാണെന്നും വെളിപ്പെടുത്തുന്നില്ല. ഹിന്ദുമതം, ക്രിസ്‌തുമതം, ഇസ്‌ലാം മതം തുടങ്ങിയ മതങ്ങള്‍ സ്‌ത്രീയെക്കുറിച്ച് വിശദമായോ അല്‍പമായോ പരാമര്‍ശിക്കുന്നുണ്ട്. മകള്‍, ഭാര്യ, മാതാവ് എന്നീ തലങ്ങളില്‍ സ്‌ത്രീ പാലിക്കേണ്ട നിയമ-നിര്‍ദേശവിധിവിലക്കുകളും ചില മത ഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. മതങ്ങള്‍ സ്‌ത്രീകള്‍ക്ക് നല്‍കുന്ന വ്യക്തിപരമായ സുരക്ഷയും സ്വാതന്ത്ര്യവും സാമൂഹികജീവിതത്തില്‍ ഏതെല്ലാം നിലയ്‌ക്കാണ് അടയാളപ്പെട്ടുകിടക്കുന്നതെന്നു ചിന്തിക്കാതെ, സ്‌ത്രീകളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനാണ് മിക്ക സംവാദകരും വിമര്‍ശകരും ശ്രമിക്കുന്നത്. സ്‌ത്രീസമത്വസ്വാതന്ത്ര്യവാദികള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ലഭിച്ച നാടുകളില്‍നിന്ന് സ്‌ത്രീപീഡനത്തിന്റെ ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും പേരില്‍ സ്‌ത്രീകളെ തെരുവിലേക്ക് വലിച്ചിഴയ്‌ക്കുന്നവര്‍ വീടിനുപുറത്ത് സ്‌ത്രീകളനുഭവിച്ചുകൊണ്ടിരിക്കുന്ന യാതനകളെ ബോധപൂര്‍വം വിസ്‌മരിക്കുകയാണ്. ലൈംഗികകേളികള്‍ക്കുവേണ്ടി മാത്രം സ്‌ത്രീകളെ വിനിയോഗിച്ചിരുന്ന പ്രാകൃതസംസ്‌കാരത്തില്‍നിന്നു മോചനം ലഭിക്കാത്ത ഒരു സമൂഹമധ്യേനിന്നാണ് സ്‌ത്രീസ്വാതന്ത്ര്യത്തിന്റെ വര്‍ണകഥകള്‍ വിസ്‌തരിച്ചുപറയുന്നതെന്നുകൂടി സംവാദപ്രേമികള്‍ ഓര്‍ത്തിരിക്കണം. അവിടെ ജോലിസ്ഥലങ്ങളിലും പഠനകേന്ദ്രങ്ങളിലും സ്വന്തം വീടുകളില്‍ പോലും സ്‌ത്രീകള്‍ പുരുഷനാല്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മതമോ ദര്‍ശനങ്ങളോ അല്ല, ഇതിനു കാരണവും നിമിത്തവും. മറിച്ച് ഭൗതികവാദങ്ങളുടെ നയവൈകല്യവും വൈരുധ്യങ്ങളുമാണ്. സ്‌ത്രീയുടെ സ്വത്വം നിലനിര്‍ത്തി അവളെ ചൂഷണത്തില്‍നിന്നു സംരക്ഷിക്കുന്ന നിയമങ്ങളാണ് ഇസ്‌ലാം നടപ്പില്‍വരുത്തിയത്. സമൂഹത്തിന്റെ സ്‌നേഹവും പരിചരണവും ലഭിക്കേണ്ടവളാണ് സ്‌ത്രീ എന്ന് മുഹമ്മദ് നബി(സ) പഠിപ്പിച്ചു. മാന്യവും സ്‌നേഹാര്‍ദ്രവുമായ സമീപനം സ്‌ത്രീകളോട് കൈക്കൊള്ളണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിച്ചു. ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ''നിങ്ങള്‍ നിര്‍വൃതികൊള്ളാന്‍ നിങ്ങളില്‍നിന്നുതന്നെ ഇണയെ സൃഷ്‌ടിച്ചത് അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാകുന്നു. നിങ്ങള്‍ക്കിടയില്‍ അവന്‍ സ്‌നേഹവും കരുണയും സൃഷ്‌ടിച്ചു ചിന്തിക്കുന്നവര്‍ക്കിതില്‍ ഗുണപാഠമുണ്ട്.'' സ്‌ത്രീകളെ സംരക്ഷിക്കുന്നതിനോടൊപ്പം അവര്‍ക്ക് സമൂഹത്തില്‍ സമുന്നതപദവിയും പരിഗണനയും ഇസ്‌ലാം നല്‍കുന്നു. അപരിഷ്‌കൃ തവും പ്രാകൃതവുമായ നയസമീപനമായിരുന്നു ഇസ്‌ലാമിന്റെ ആഗമനത്തിനുമുമ്പ് പലയിടത്തും സ്‌ത്രീകള്‍ക്കുനേരെ കൈയാളിയിരുന്നത്. സ്‌ത്രീക്ക് ഹൃദയമുണ്ടോ എന്നുപോലും സംശയിച്ചിരുന്ന സിദ്ധാന്തങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും മധ്യേയാണ് 'സ്‌ത്രീ' സമൂഹത്തിന്റെ അര്‍ധവിഭാഗമാണെന്നും അവളുടെ പാദത്തിനു കീഴില്‍ സ്വര്‍ഗമുണ്ടെന്നും പ്രഖ്യാപിച്ച് ഇസ്‌ലാം സ്‌ത്രീസമൂഹത്തെ ബഹുമാനിച്ചത്; അവര്‍ക്ക് സമൂഹത്തില്‍ അര്‍ഹമായ സ്വാതന്ത്ര്യവും അവകാശവും നല്‍കിയത്. വിദ്യ അഭ്യസിക്കല്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മതബാധ്യതയാണെന്നു കല്‍പ്പിച്ചതിലൂടെ സ്‌ത്രീസമൂഹത്തെ പുരുഷനൊപ്പം പരിരക്ഷ നല്‍കുകയാണ് മുഹമ്മദ് നബി(സ) ചെയ്‌തത്. ഒരു സ്‌ത്രീ വിവാഹിതയാകുമ്പോഴാണ് അവളുടെ സ്വത്വം പരിരക്ഷിക്കപ്പെടുന്നത്. മാതാപിതാക്കളാലും സഹോദരങ്ങളാലും പിന്നെ ഭര്‍ത്താവിനാലും നയിക്കപ്പെടേണ്ടവളാണ് സ്‌ത്രീയെന്നും അവളുടെ പൂര്‍ണ സംരക്ഷണം പിന്നീട് ഭര്‍ത്താവില്‍ നിക്ഷിപ്‌തമാണെന്നും ഇസ്‌ലാം നിര്‍ദേശിച്ചു. സ്‌ത്രീയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ക്ക് വിവാഹമൂല്യം (മഹ്‌ര്‍) നല്‍കണമെന്നും സുഖസൗകര്യങ്ങള്‍ നല്‍കുന്നതില്‍ കണിശത പുലര്‍ത്തണമെന്നും നിഷ്‌കര്‍ഷിച്ചു. ഇസ്‌ലാമിലെ വൈവാഹിക നിയമങ്ങള്‍ സ്‌ത്രീകളുടെ രക്ഷയ്‌ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഒന്നിലധികം സ്‌ത്രീകളെ വേണമെങ്കില്‍ വിവാഹംചെയ്യാമെന്ന ഖുര്‍ആനിക താത്‌പര്യം ആധുനിക സമൂഹത്തിന്റെ സാംസ്‌കാരികാഭ്യുന്നതിയും ധര്‍മബോധവും ലക്ഷ്യംവെച്ചാണ്. അത്യാവശ്യഘട്ടങ്ങളില്‍ തീര്‍ത്തും അനിവാര്യമായ സാഹചര്യത്തിലാണ് ഒന്നിലധികം ഭാര്യമാരെ വേള്‍ക്കാന്‍ ഇസ്‌ലാം അനുമതി നല്‍കുന്നത്. പത്‌നനിമാര്‍ക്കിടയില്‍ കണിശമായ രീതിയില്‍ നീതിയും തുല്യതയും പാലിക്കാനും പുലര്‍ത്താനും കഴിയണമെന്ന നിബന്ധനകളോടെയാണ് അനുമതി നല്‍കിയത്. രണ്ടോ, മൂന്നോ, നാലോ പരമാവധി നാലുവരെ സ്‌ത്രീകളെ വിവാഹം ചെയ്യാം. ഇത് നിര്‍ബന്ധ കല്‌പ്‌പനയോ പ്രേരണയോ അല്ല. ഒരു തുറന്ന അനുവാദം മാത്രം. നീതി പാലിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെങ്കില്‍ ഈ അനുവാദം ഇസ്‌ലാം നിരാകരിക്കുന്നു. ഇസ്‌ലാം അനുവദിച്ച ബഹുഭാര്യത്വം നിയന്ത്രിതമാണ്. പല നിബന്ധനകളും മതം അതിനു നിശ്ചയിച്ചിട്ടുണ്ട്. പല കാരണങ്ങള്‍ ബഹുഭാര്യത്വത്തിലേക്ക് പുരുഷനെ നയിക്കുന്നുണ്ട്. സ്‌ത്രീയുടെയും പുരുഷന്റെയും പ്രകൃത്യാലുള്ള അവസ്ഥകള്‍ ഇതിനു മതിയായ തെളിവാണ്. ഇസ്‌ലാമിന്റെ കര്‍മശാസ്‌ത്രഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ള കാരണങ്ങളാണ് ബഹുഭാര്യത്വത്തെക്കുറിച്ച് ഞാന്‍ അഭിപ്രായപ്പെട്ടത്. ഞാന്‍ തുറന്നുപറഞ്ഞ നിരവധി കാരണങ്ങളില്‍നിന്ന് അപ്രസക്തമായ ചില ഭാഗങ്ങള്‍ പൊക്കിപ്പിടിച്ചാണ് ഇതിനെതിരെ പലരും രംഗത്തിറങ്ങിയത്. ഇസ്‌ലാമിന്റെ നിയമങ്ങളെ വിലയിരുത്തുമ്പോള്‍ ഒന്നാമതായി ശ്രദ്ധിക്കേണ്ടത് അത് അല്ലാഹുവിന്റെ നിയമങ്ങളാകുന്നു എന്നതാണ്. ആരുടെയും സ്വാര്‍ഥതാത്‌പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉണ്ടാക്കിയ നിയമങ്ങളല്ല അത്. പുരുഷന്മാര്‍ക്കോ സ്‌ത്രീകള്‍ക്കോ അല്ലെങ്കില്‍ ഭരണകര്‍ത്താക്കള്‍ക്കോ, മതസംഘടനകള്‍ക്കോ ആ നിയമ നിര്‍മാണത്തില്‍ യാതൊരു പങ്കുമില്ല. ഇസ്‌ലാമിന്റെ പ്രവാചകന്‍ മുഹമ്മദ് (സ) പോലും ഇസ്‌ലാമിക വിധികള്‍ പറഞ്ഞത് അല്ലാഹുവിന്റെ ബോധനം (വഹ്‌യ്) അനുസരിച്ചു മാത്രമാണ്. മനുഷ്യന്റെ മൊത്തം സുരക്ഷയും പുരോഗതിയുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. ദൈവിക നിയമങ്ങളാവട്ടെ സൃഷ്‌ടിജാലങ്ങളുടെ മുഴുവന്‍ പരിമിതികളും പ്രശ്‌നങ്ങളും സ്ഥിതിഗതികളും അറിയാവുന്ന പരമകാരുണികനായ സ്രഷ്‌ടാവിന്റെ നിയമങ്ങളാണ്. ഇസ്‌ലാം മനുഷ്യരാശിയുടെ ജീവിതപന്ഥാവായി അല്ലാഹു സങ്കല്‌പിച്ചതിന്റെ ലക്ഷ്യം മനുഷ്യസമൂഹത്തോടുള്ള കാരുണ്യവും ദയാവായ്‌പുമാണ്‌്. പുരുഷനോടും സ്‌ത്രീയോടും സ്രഷ്‌ടാവ് കാരുണ്യം കാട്ടുന്നു. പ്രകൃത്യാ ദൗര്‍ബല്യങ്ങളുള്ള സ്‌ത്രീയോട് പലവിധത്തിലാണ് പ്രസ്‌തുത കാരുണ്യം. അവളുടെ സംരക്ഷണം പുരുഷനെ ഏല്‌പിച്ചു. കനത്ത ബാധ്യതകളില്‍നിന്നു മുക്തയാക്കി. പുരുഷനോടും സ്രഷ്‌ടാവ് ദയാപരനാണ്. അവന്റെ ഉജ്ജ്വലവ്യക്തിത്വം പരിരക്ഷിക്കാനാവശ്യമായ അധികാരങ്ങളും സൗകര്യങ്ങളും നല്‍കി. പുരുഷനോടും സ്‌ത്രീയോടും അവര്‍ രണ്ടുകൂട്ടരും ചേര്‍ന്നുണ്ടാകുന്ന മനുഷ്യസമൂഹത്തോടൊട്ടാകെയും അല്ലാഹു ചെയ്‌ത മഹത്തായ ഒരു കാരുണ്യത്തിന്റെ ഫലമാണ് നിയന്ത്രിതമായ ബഹുഭാര്യത്വം. പുരുഷന്റെയും സ്‌ത്രീയുടെയും പ്രകൃതിപരവും ശാരീരികവും മാനസികവുമായ ബഹുവിധ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അവരുടെ സ്വാസ്ഥ്യത്തിനും സമൂഹത്തിന്റെ ശാന്തിപൂര്‍ണമായ പുരോഗതിക്കും ഭദ്രതയ്‌ക്കും അതാവശ്യമാണ്. സ്‌ത്രീപുരുഷന്‍മാരുടെ ജീവിതപൂര്‍ത്തീകരണത്തിനുള്ള ഉപാധിയാണ് വിവാഹം. ഒന്നിലധികം സ്‌ത്രീകളെ വേള്‍ക്കുന്നത് പുരുഷന്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തിന്റെയും പ്രശ്‌നസങ്കീര്‍ണതയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ്. ഏതു സാഹചര്യത്തിലും ആജീവനാന്തം ഒരു ഭാര്യ മാത്രമേ പാടുള്ളൂ എന്ന് അനുശാസിച്ചാല്‍ അത് പുരുഷനോടെന്നപോലെ സ്‌ത്രീയോടും ചെയ്യുന്ന കൊടുംദ്രോഹമായിരിക്കും. ഒരു സ്‌ത്രീ വിവാഹമോചനം ചെയ്യപ്പെടുന്നു, അല്ലെങ്കില്‍ സ്വയം വിവാഹമോചനം നേടുന്നു. അല്ലെങ്കില്‍ വിധവയാകുന്നു. മറ്റൊരു പുരുഷനെ വേള്‍ക്കണമെങ്കില്‍ അവള്‍ അയാളുടെ ആദ്യഭാര്യയാവുന്നതിനെക്കാള്‍ സാധ്യത രണ്ടാം ഭാര്യയോ മൂന്നാം ഭാര്യയോ ആവുന്നതാണ്. പുരുഷന് രണ്ടാം വിവാഹം പാടില്ലെങ്കില്‍, അഥവാ ഭാര്യയെ ഒരു കാരണവശാലും ഉപേക്ഷിക്കാന്‍ പാടില്ലെങ്കില്‍, സ്വയം വിവാഹമോചനം നേടിയ സ്‌ത്രീക്ക് എങ്ങനെ പുതിയൊരു ഭര്‍ത്താവിനെ കിട്ടും? ദാമ്പത്യജീവിതം നയിക്കാന്‍ കഴിയാത്തവണ്ണം ഭാര്യ രോഗിണിയോ വന്ധ്യയോ ആവുന്ന സന്ദര്‍ഭങ്ങളുണ്ടാകുന്നു. അവളെ മാത്രം നിലനിര്‍ത്തി ഭര്‍ത്താവ് മരണം വരെ തീ തിന്നണമെന്നു പറയുന്നത് നീതിയാണോ? എങ്കില്‍ ആ ദാമ്പത്യം ഒരു ദുരന്തനാടകമായിരിക്കും. വിധവ ഒരു പുരുഷന്റെ രണ്ടാം വിവാഹത്തിലൂടെയെങ്കിലും ജീവിതത്തിലേക്ക് കടന്നുവരുന്നതല്ലേ യുക്തിസഹം. നിയന്ത്രിത ബഹുഭാര്യത്വമാണോ, അന്തസ്സോടെ ചില ഘട്ടങ്ങളില്‍ രണ്ടാം ഭാര്യയായി കഴിയേണ്ടിവരുന്നതും ഗതിയില്ലാതെ വിധവ ആത്മഹത്യ ചെയ്യുന്നതും തമ്മില്‍ ഏതാണ് കരണീയം? പുരുഷന്മാരെക്കാള്‍ സ്‌ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന പല ഘട്ടങ്ങളുണ്ട്. രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് ജര്‍മനിയിലും മറ്റും ഈ പ്രതിഭാസം കണ്ടതാണ്. എട്ടുവര്‍ഷം നീണ്ട ഗള്‍ഫ് യുദ്ധത്തിന്റെ ഫലമായി ഇറാനിലും ഇറാഖിലും പത്തു ലക്ഷത്തോളം ആണുങ്ങള്‍ മരിച്ചൊടുങ്ങി. ഏതാണ്ട് അത്രതന്നെ വനിതകള്‍ വിധവകളായെന്നു ചുരുക്കം. ഇറാനിലും ഇറാഖിലും അത് സാമൂഹ്യപ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. ഇത്തരമൊരു പരിതസ്ഥിതിയില്‍, പണ്ട് ജര്‍മനിയിലുണ്ടായതുപോലെ 'ഈവനിങ് ഗസ്റ്റുകളെ' ആവശ്യമുണ്ടെന്ന് വീടിന്റെ ഗേറ്റില്‍ ബോര്‍ഡ് വെക്കാന്‍ നിര്‍ബന്ധിതമാകുന്ന അവസ്ഥ ഉണ്ടാകരുത്. യുദ്ധത്തിന്റെയും മറ്റു കെടുതികളുടെയും കാര്യം ഇരിക്കട്ടെ, സാധാരണഗതിയില്‍തന്നെ സ്‌ത്രീയുടെ അംഗസംഖ്യ പുരുഷന്മാരുടേതിനെക്കാള്‍ കൂടുതലാണെന്ന് സെന്‍സസ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. വനിതകളുടെ പെരുപ്പം ഉയര്‍ത്തിവിടുന്ന പ്രശ്‌നത്തിന് പരിഹാരം ഒന്നിലധികം ഭാര്യമാരെ നിയമാനുസൃതം സ്വീകരിക്കാന്‍ പുരുഷനെ അനുവദിക്കുകയാണല്ലോ.
No comments:
Write comments