Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jan 9, 2011

മര്‍കസ് 33-ആം വാര്‍ഷികത്തില്‍ 33 ഉപദേശങ്ങള്‍: ശൈഖുനാ കാന്തപുരം സംസാരിക്കുന്നു

മര്‍കസ് 33-ആം വാര്‍ഷികത്തില്‍ 33 ഉപദേശങ്ങള്‍: ശൈഖുനാ കാന്തപുരം സംസാരിക്കുന്നു

വിശ്വാസം:

കറകളഞ്ഞ ഈമാന്‍ നമ്മുടെ ജീവിതത്തിന്റെ ആണിക്കല്ലാണ്. എന്തെങ്കിലും ഒരു വിശ്വാസം വെച്ചുപുലര്‍ത്താത്തവരായി ആരും ഉണ്ടാവില്ല. അല്ലാഹുവിലും അവന്റെ നിയമവ്യവസ്ഥയായ ഇസ്ലാമിലുമുള്ള വിശ്വാസമാകുന്നു വിജയത്തിനു നിമിത്തം. വിശ്വാസം എന്തുമാകാം; കര്‍മ്മം നന്നായാല്‍ മതി എന്നത് ശരിയല്ല, ശരിയായ വിശ്വാസം വേണം. പൂര്‍വസൂരികളില്‍നിന്ന് പൈതൃകമായി കിട്ടിയ പ്രമാണബദ്ധരായ ഈമാന്‍ നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാണ്.

മഹബ്ബത്തുന്നബി

അല്ലാഹുവിനെ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന നാം അവന്റെ ഹബീബായ തിരുനബി (സ) യെ പൂര്‍ണമായി മനസ്സില്‍ സൂക്ഷി്ക്കണം. തിരുനബിയാണ് പ്രപഞ്ച സംവിധാനങ്ങള്‍ക്ക് നിമിത്തമായി തീര്‍ന്നിട്ടുള്ളത്. നബി (സ) യെ സ്‌നേഹിക്കാതെയും ആദരിക്കാതെയും ആത്യന്തിക വിജയം നിഷ്ഫലം. നബി (സ) യെ നിന്ദിക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ വിശ്വാസങ്ങള്‍ തള്ളപ്പെടേണ്ടതാണ്.

ആഴമുള്ള അറിവ്

വിജ്ഞാനത്തേക്കാള്‍ മഹത്തായ മറ്റൊരു ആദര്‍ശവും ആശയവുമില്ലെന്ന സത്യമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. മതമൂല്യങ്ങളെ പറ്റിയുള്ള അടിസ്ഥാന അറിവ് ഓരോ സ്ത്രീക്കും പുരുഷനും വേണം. പരന്നതും ആഴത്തിലുള്ളതുമായ അറിവ് കഴിയുന്നതും നാം സ്വായത്തമാക്കണം. ഭൗതിക-സാങ്കേതികജ്ഞാനങ്ങളും അനിവാര്യംതന്നെ. ധാര്‍മിക-സദാചാര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉദ്യോഗസ്ഥവൃന്ദം വളര്‍ന്നുവരണം. ഭൗതിക പഠനരംഗത്ത് നന്മ നിറഞ്ഞവരുടെ ഇടപെടല്‍ ഒഴിച്ചുകൂടാനാവാത്തതാണ്.

കര്‍മ്മങ്ങളുടെ കരുത്ത്

കര്‍മ്മമില്ലാതെ ജീവിതത്തിന് ഒരര്‍ത്ഥവുമില്ല. നിര്‍ബന്ധ കര്‍മ്മങ്ങള്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. നിസ്‌കാരം വെളിച്ചമാണെന്ന് നബിവചനം. നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ കര്‍മ്മങ്ങളും ഈവിധം നിര്‍വഹിക്കപ്പെടേണ്ടവ തന്നെ. ആരാധനയുടെ മുഖങ്ങളായ ഇവയില്‍ ശ്രദ്ധിക്കാത്തവന്‍ ഇസ്ലാമിന്റെ പേരില്‍ ഊറ്റം കൊള്ളുന്നതിലെന്തര്‍ത്ഥം?

ഐച്ഛികാനുഷ്ഠാനങ്ങള്‍

തിരുചര്യകളില്‍ പ്രധാനമാണ് സുന്നത്തുകള്‍. സുന്നത്തുകളാണ് നമ്മെ ആത്മീയമായി കൂടുതല്‍ ഉയര്‍ത്തുന്നത്. റവാതിബ് നിസ്‌കാരങ്ങള്‍, ദിക്രര്‍ സ്വലാത്തുകള്‍, ദാനധര്‍മ്മങ്ങള്‍ തുടങ്ങി സുന്നത്തുകള്‍ വര്‍ധിപ്പിച്ചാണ് ഔലിയാക്കള്‍ ഉന്നതസ്ഥാനരീയരായിത്തീര്‍ന്നത്. നിര്‍ബന്ധ കര്‍മ്മങ്ങളില്‍ വന്ന പോരായ്മകള്‍ക്ക് സുന്നത്തുകള്‍ പരിഹാരമായിത്ത്ീരുമെന്ന് പ്രമാണങ്ങള്‍ പറയുന്നു.

കൊടുക്കാനുള്ള മനസ്സ്

കൊടുക്കാനുള്ള മനസ്സും അത് പ്രാവര്‍ത്തികമാക്കലും വിശ്വാസിയുടെ ലക്ഷണമാണ്. ഭൗതികതക്ക് വില കല്‍പിക്കാത്തവനേ ഇതിനു സാധിക്കൂ. ഭൗതിക പരിത്യാഗത്തിന്റെ ഒന്നാംപടി ഇതാണെന്ന് പറഞ്ഞാല്‍ തെറ്റല്ല. ഉള്ളതിനനുസരിച്ച് ധര്‍മം ചെയ്യണം. ബീവി ആഇശ (റ) വും സഹോദരി അസ്മ (റ) ഉം ദാനധര്‍മ്മ കാര്യത്തില്‍ ഉത്തമ മാതൃകകള്‍ സമ്മാനിച്ച മഹിളാരത്‌നങ്ങള്‍. ഒന്നും ബാക്കിവെക്കാതെ നല്‍കിയവര്‍. പിശുക്ക് വര്‍ജിക്കുക. ദാനം ചെയ്ത് സ്വര്‍ഗം നേടുന്ന സമ്പന്നനാണ് ബുദ്ധിമാന്‍.

ഹോം കെയര്‍

അഗതികള്‍ സമൂഹത്തിന്റെ ഭാഗമാണ്. അവര്‍ക്കും കാരുണ്യം ചൊരിയുക. അവരെ പഠിപ്പിക്കാനും ചികിത്സിക്കാനും വഴികള്‍ കാണണം. അഗതികള്‍ക്കു കൂടി നമ്മുടെ സഹായത്തിന്റെ മന്ദമാരുതന്‍ ആസ്വദിക്കാനാകണം. അനാഥകളേക്കാള്‍ കഷ്ടപ്പാട് അനുഭവിക്കുന്ന അഗതികളും ചുറ്റുമുണ്ടെന്ന് നാം തിരിച്ചറിയുക.

നിശ്ചയദാര്‍ഢ്യം

പലര്‍ക്കും നഷ്ടപ്പെടുന്ന ഒരു വികാരമാണ് നിശ്ചയദാര്‍ഢ്യം. കുടുംബവും സമൂഹവും ഇതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നു. വിജയിക്കാനും പദ്ധതികള്‍ വിജയിപ്പിക്കാനും നിശ്ചദാര്‍ഢ്യമില്ലായ്മ തടസം സൃഷ്ടിക്കുന്നു. മര്‍കസിന്റെ വിജയം നിശ്ചയദാര്‍ഢ്യത്തിന്റെ ശക്തി തുറന്നു കാണിക്കുന്ന ഒന്നാണ്. ജീവിത വിജയത്തിന് ഇത് അനിവാര്യം.

മാന്യനാവുക

മാന്യത കാത്തുസൂക്ഷിക്കുന്നവനാണ് സമൂഹത്തില്‍ വിപ്ലവങ്ങള്‍ നയിക്കാന്‍ പോന്നവന്‍. വാക്കും പ്രവര്‍ത്തിയും വിചാരവും മാന്യമാകണം. വേഷഭൂഷാദിയില്‍ ഒതുക്കാതെ മുഴുസമയ മാന്യനാവേണ്ടതാണ്. കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കും താനിടപഴകുന്ന മറ്റുള്ളവര്‍ക്കും നമ്മെക്കുറിച്ച് നല്ലതുമാത്രമേ പറയാനുണ്ടാകൂ.

സത്യസന്ധത

നിങ്ങള്‍ സത്യസന്ധന്മാര്‍ൃക്കൊപ്പമാകണമെന്ന് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നുണ്ട്. സത്യം പ്രവര്‍ത്തിച്ചാല്‍ മാത്രം പോര, സത്യം പറയുക കൂടി വേണം. അത് അപരനെ ബോധ്യപ്പെടുത്തേണ്ടിടത്ത് ബോധ്യപ്പെടുത്താനും നാം മടിക്കരുത്.

ജീവല്‍പ്രധാന വ്യക്തികള്‍

മാതാപിതാക്കളെ നിന്ദിക്കുന്നവര്‍ വിജയിക്കാന്‍ പോകുന്നില്ല. അവരെ ആദരിക്കുന്നവനും സ്‌നേഹിക്കുന്നവനും സ്വര്‍ഗത്തിന്റെ വാതില്‍ തുറന്നു കിട്ടുമെന്ന് തിരുനബി (സ) പറഞ്ഞിട്ടുണ്ട്. വിവാഹത്തിനു മുമ്പും പിമ്പും മാതൃസ്‌നേഹത്തില്‍ കുറവു വരുത്തരുത്.

മക്കള്‍ മനസ്സിന്റെ പൂക്കള്‍

മക്കളെ മനസ്സിന്റെ പൂക്കളായിട്ടാണ് പ്രവാചകന്‍ (സ) പരിചയപ്പെടുത്തിയിരിക്കുന്നത്. അവരെ നാം സ്‌നേഹിക്കണം. പക്ഷെ സ്‌നേഹിച്ചു കൊല്ലരുത്. സ്‌നേഹവും അളവുതെറ്റിയാല്‍ വിഷമയമാകും. നന്നാകാന്‍ ്‌സ്‌നേഹിക്കുക. നന്നാകാന്‍ ശാസിക്കുക. മൂന്നാം കണ്ണ് എപ്പോഴും മക്കളുടെ മേല്‍ ഉണ്ടായിരിക്കട്ടെ.

മുതിര്‍ന്നവരോടുള്ള ആദരവ്

മുതിര്‍ന്നവരെ മാനിക്കാത്തവന്‍ നമ്മില്‍ പെട്ടവനല്ലെന്ന് തിരുനബി (സ) താക്കീത് ചെയ്തു. സമൂഹത്തില്‍ നന്മ ബാക്കിയാകണമെങ്കില്‍ കാരണവന്മാരെ ബഹുമാനിക്കുന്ന സ്ഥിതി നിലനില്‍ക്കണം. അല്ലാതിരുന്നാല്‍ കുത്തഴിഞ്ഞ സാമൂഹികാന്തരീക്ഷം ഉടലെടു്കും.

മഹബ്ബത്ത് മഹാന്മാരോട്

മഹാന്മാരെ സ്‌നേഹിക്കാന്‍ കഴിയാത്ത മനസ്സ് കപടന്മാരുടേതാണ്. മഹാന്മാരുടെ നായകനായ ഇമാം ശാഫിഈ (റ) പറഞ്ഞത് , നാളെ പരലോകത്ത് ശുപാര്‍ശ കിട്ടാന്‍, ഞാന്‍ മഹാന്മാരെ പ്രിയംവെക്കുന്നുവെന്നാണ്. ചിലര്‍ മാലമൗലീദുകളെയും ഖബര്‍ സിയാറത്തിനെയുമൊക്കെ എതിര്‍ക്കുന്നു. മഹാന്മാരോട് മനസ്സില്‍ അടിഞ്ഞുകൂടിയ വൈരം തന്നെ കാരണം.

വിശ്വാസിയുടെ ആയുധം

വിശ്വാസിയുടെ ആയുധമാണ് പ്രാര്‍ഥന. നിസ്‌കാരാനന്തരം പ്രാര്‍ഥന ഉത്തരം ചെയ്യപ്പെടാന്‍ സാധ്യത കൂടുതലുള്ള ഒന്നാണ്. പ്രാര്‍ഥന മനസ്സിന് ശാന്തി നല്‍കുന്നു. ഇലാഹി പ്രണയത്തിനും മാറ്റു കൂട്ടുന്നു. പ്രത്യുത്തതരം പെട്ടെന്ന് കിട്ടിയില്ലെങ്കിലും പരലോകത്ത് പ്രതിഫലങ്ങള്‍ വാരിക്കൂട്ടാം.

അധ്വാനമേ സംതൃപ്തി

അധ്വാനമാണ് സംതൃപ്തിയുടെ നിദാനം. പണം പെട്ടെന്നുണ്ടാക്കണമെന്നാണ് ചിലരുടെ ചിന്ത. അതിന് ഏതു വഴിയും തിരഞ്ഞെടുക്കുന്നവരുണ്ട്. ഹലാലായ വരുമാനമില്ലെങ്കില്‍ വയറ്റിലെത്തിക്കുന്നത് നരകത്തീയാണെന്ന് മറക്കാതിരിക്കുക.

സ്വര്‍ഗീയ ജീവിതം

ദാമ്പത്യ ജീവിതം ദുന്‍യാവിലെ സ്വര്‍ഗീയ ജീവിതമാണെന്ന് നാം തിരിച്ചറിയണം. മധുനുകരാന്‍ ഇണകള്‍ തമ്മില്‍ മനപ്പൊരുത്തം വേണം. വിട്ടുവീ്‌ഴ്ചയില്ലാതെ ബന്ധങ്ങള്‍ സുസ്ഥിരമാവില്ല. സ്‌നേഹമാണ് വലുത്. സ്‌നേഹത്തിനു മുന്നില്‍ ഉരുകിത്തീരുന്ന മഞ്ഞുമലകള്‍ മാത്രമാണ് ജീവിതത്തിലെ അസ്വാരസ്യങ്ങള്‍.

ആത്മാവിന്റെ അന്നം

ആത്മാവിന്റെ അന്നമാണ് വായന. അത് വര്‍ധിപ്പിക്കാന്‍ തിരക്കിനിടയിലും സമയം കണ്ടെത്തുക. നല്ലത് വായിക്കണം. പുസ്തകങ്ങള്‍, വാരികകള്‍, മാസികകള്‍ ഒക്കെ വായിക്കു. ദിനപത്രങ്ങളും ഒഴിവാക്കരുത്. ആസ്വാദനത്തിനപ്പുറം പഠനം നാം ലക്ഷ്യമായി കാണണം. മതജ്ഞാനം വര്‍ധിപ്പിക്കാന്‍ വായനയിലൂടെ ഇന്ന് അവസരങ്ങള്‍ പലതുമുണ്ട്.

വിപരീത ഫലം

ദൃശ്യമാധ്യമങ്ങള്‍ കുടുംബങ്ങളെ തെറ്റിലേക്ക് നയിക്കുന്ന കാലമാണിത്. ചീത്ത സന്ദേശങ്ങള്‍ സമ്മാനിക്കുന്ന പ്രവണത. ചില സഹോദരിമാര്‍ ഖുര്‍ആനും ദികറും ഒഴിവാക്കി ടി വിക്കു മുന്നില്‍ കാത്തിരിക്കുന്നു. അതും പ്രധാന സമയമായ ഇശാഅ്-മഗ്് രിബിനിടയില്‍. ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടിവരും.

പിശാചിന്റെ കൂട്ടുകാര്‍ ധൂര്‍ത്ത് ഒഴിവാക്കേണ്ട ദുഃസ്വഭാവം. പണം വെറുതെ ചെലവഴിക്കുകയോ? നഊദുബില്ലാഹ്... അടിസ്ഥാന ആവശ്യങങ്ങള്‍ക്കുതന്നെ ബുദ്ധിമുട്ടുന്നവര്‍ നമുക്കിടയില്‍ ധാരാളമുള്ളപ്പോള്‍ പടച്ചവനെ മറന്ന് ധൂര്‍ത്തനാകുന്നത് ശരിയല്ല. ഇവര്‍ പിശാചിന്റെ കൂട്ടുകാര്‍.

അസൂയ ആപത്ത്

അസൂയ വലിയ വിപത്ത്. സദ്കര്‍മ്മത്തെ അത് തിന്നുതീര്‍ക്കുന്നു. മനസ്സിനെ ദുഷിപ്പിക്കുന്നു. അല്ലാഹുവിന്റെ ഖളാഇനെ ചോദ്യം ചെയ്യുന്നു. ഒരുവീട്ടില്‍ തന്നെ പല അംഗങ്ങളും തമ്മില്‍ അസൂയ നിലനില്‍ക്കുന്ന അനുഭവമുണ്ട്. ഇത്ര മാരകമായ ഒരു സാമൂഹിക പ്രതിസന്ധി മറ്റൊന്നില്ലെന്നതാണ് നേര്. നമുക്ക് വിധിച്ചത് നമുക്ക് കിട്ടുന്നു എന്നു ചിന്തിച്ചാല്‍ പിന്നെ അസൂയ അപ്രസക്തമാണെന്നുറപ്പിക്കാനാകും.

വൈറസ്

പുത്തന്‍വാദം (ബിദ്അത്ത്) മുസ്ലിമിനെ ബാധിക്കുന്ന വൈറസാണ്. ഈമാന്‍ കൊണ്ടേ ഇതിനെ പ്രതിരോധിക്കാനാവൂ. ബിദ്അ്ത്തിനെ സഹായിക്കുന്നത് ദീനിനെ തകര്‍ക്കലാണ്. സി എമ്മിനെ പോലുള്ള മഹാന്മാര്‍ നമ്മെ പഠിപ്പിച്ച ആദര്‍ശം ഇതാണ്.

മുന്‍ശുണ്ഠി

മുന്‍ശുണ്ഠി വരുത്തുന്ന അപകടം ചെറുതല്ല. ഇത്തരക്കാര്‍ ഒന്നും സ്വയം ചെയ്യില്ല. ചെയ്യാന്‍ സമ്മതിക്കില്ല. കുടുംബത്തില്‍വരെ ഇത്തരക്കാര്‍ പിന്തിരിപ്പന്മാരായി നിലകൊള്ളുന്നു. തിരുനബി (സ) കടുത്ത ഭാഷയില്‍ എതിര്‍ത്ത കാര്യമാണ് മുന്‍ശുണ്ഠി.

അനാവശ്യ ഇടപെടല്‍

ഒരു മനുഷ്യന്റെ ഈമാന്‍ രക്ഷപ്പെട്ടുകിട്ടാന്‍ ചെയ്യേണ്ട കാര്യമായി നബി(സ) പഠിപ്പിച്ചതാണ് അനാവശ്യ കാര്യങ്ങള്‍ ഒഴിവാക്കല്‍ - അഥവാ ആവശ്യമില്ലാത്തതില്‍ തലയിടാതിരിക്കല്‍. ഇതൊരു ദുര്‍ഗുണമാണ്. ഇതിനാല്‍ പല പ്രശ്‌നങ്ങളും ജനങ്ങള്‍ക്കിടയില്‍ പൊന്തിവരുന്നു.

അധികാരക്കൊതി

അധികാരം അലങ്കാരമാണ്. മിക്കപ്പോഴും അത് സേവനത്തിന്റെ ഭാഗവുമാണ്. എന്നു കരുതി അധികാരക്കൊതി നന്നല്ല. ഒരു രംഗത്തും അത് പുണ്യം നല്‍കില്ല.

തീവ്രവാദ മുക്തി

തീവ്രവാദം ഇസ്ലാമിന്റെ രീതിയല്ല. ആണെന്നു വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. ഭീകരവാദികള്‍ രാജ്യത്തിന് അപകടമാണ്. മതമൂല്യങ്ങള്‍ മുറുകെപ്പുണരുകയാണ് തീവ്രവാദത്തില്‍നിന്ന് മുക്തമാകാനുള്ള ഏക വഴി.

മതമൈത്രിയുടെ മര്‍മം

മതമൈത്രിക്ക് പേരുകേട്ട നാടാണ് കേരളം. പൂര്‍വ പണ്ഡിതര്‍ അതിനു പ്രാധാന്യം കല്‍പിച്ചവരാണ്.മമ്പുറം തങ്ങള്‍് മതമൈത്രിയുടംെ പ്രതീകമായിരുന്നു. മതമൈത്രിയെന്നാല്‍ പരസ്പരം മാനുഷികത കാത്തുസൂക്ഷിക്കല്‍ എന്നാണര്‍ഥം.

രാജ്യത്തിന്റെ സ്വാതന്ത്ര്യം

നമ്മുടെ രാജ്യം ഇന്ന് സ്വതന്ത്രമാണ്. അതിനാല്‍തന്നെ സ്വാതന്ത്യബോധം നാം കാത്തുസൂക്ഷിക്കണം. നാടിന്റെ രക്ഷക്ക് മുന്‍നിരയില്‍ നിന്നവരാണ് പൂര്‍വികന്മാര്‍.

രാഷ്ട്രീയ പ്രവര്‍ത്തനം

രാഷ്ട്രീയ പ്രവര്‍ത്തനം ഒരു തൊഴിലും ജീവിതമാര്‍ഗവുമായി നാം കണ്ടുകൂടാ. അതൊരു സേവനവും സദാചാരവൃത്തിയുമായി കാണണം. അങ്ങനെ കാണാന്‍ കഴിയാത്തതിനാലാണ് രാഷ്ട്രീയം അധര്‍മിയുടെ അവസാന അഭയകേന്ദ്രമാണെന്ന് ജല്‍പിക്കുന്നത്.

മൗനസന്ദേശങ്ങള്‍

മരണചിന്ത മാറ്റിവെച്ചാല്‍ ജീവിതത്തില്‍ ഒരു നൈതികതയും പിന്നെ ശേഷിക്കുന്നില്ല. മരണം മൗനിയായ ഉപദേശിയാണെന്ന് തിരുനബി (സ) പറഞ്ഞു. വിശ്വാസിക്ക് മരണങ്ങള്‍ നല്‍കുന്ന മൗന സന്ദേശങ്ങള്‍ അര്‍ഥപൂര്‍ണം.

പൂര്‍ണ സ്മരണ

നമ്മെ നാമാക്കുന്നതിനായി യത്‌നിച്ച കുറേ പേര്‍ ഇന്ന് നമുക്കൊപ്പമില്ല. അവരെ ഓര്‍ക്കേണ്ടതും പറയേണ്ടതും നമ്മുടെ കടമയാണ്. കഴിഞ്ഞുപോയ വിശ്വാസികളോട് മനസ്സില്‍ നീരസം വെക്കാതിരിക്കാന്‍ സൗഭാഗ്യം നല്‍കണമെന്ന് ഖുര്‍ആനില്‍ ഒരു പ്രാര്‍ഥന കാണാം.

മര്‍കസിന്റെ ഉണര്‍ത്തുപാട്ട്

മര്‍കസ് 33-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഇത് മര്‍കസിന്റെ മാത്രമല്ല, എല്ലാവരുടെയും ആഘോഷമാണ്.നിങ്ങള്‍ മര്‍്കസിനെ സ്‌നേഹിച്ചു. ഇനിയും സ്‌നേഹിക്കണം. മര്‍കസ് നിങ്ങളെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കായി നിലകൊള്ളുന്നു. സമ്മേളനം ഒരു ഉണര്‍ത്തുപാട്ട് മാത്രമാണ്. മര്‍കസിനെ മറക്കാതിരിക്കാനുള്ള ഒരു ഉണര്‍ത്തുപാട്ട്.

(article: poomkavanam monathly)

No comments:
Write comments