Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 8, 2011

പലിശരഹിത സാമ്പത്തിക വ്യവസ്ഥിതി ലോക പ്രതിസന്ധിക്കു പരിഹാരമാകും: കാന്തപുരം

പലിശരഹിത സാമ്പത്തിക വ്യവസ്ഥിതി ലോക പ്രതിസന്ധിക്കു പരിഹാരമാകും: കാന്തപുരംദുബൈ: പലിശരഹിതവും നീതിയുക്തവുമായ വ്യാപാരങ്ങളും സാമ്പത്തിക ഇടപാടുകളും വ്യവസ്ഥിതിയായി സ്വീകരിക്കുമ്പോഴേ ലോകം പുരോഗതി പ്രാപിക്കൂ എന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ ദുസ്സൂചനകള്‍ വീണ്ടും വരുമ്പോള്‍ വീണ്ടു വിചാരത്തിന് എല്ലാവരും സന്നദ്ധമാകണം. ദുബൈ മര്‍കസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക സമത്വം മുന്നില്‍ കണ്ടുകൊണ്ടുള്ള സമ്പദ്‌വ്യവസ്ഥയാണ് ഇസ്‌ലാമിന്റെത്. സമ്പത്തിന്റെ വിഹിതം ദരിദ്രര്‍ക്കു ദാനം ചെയ്യുന്നതിലൂടെയുണ്ടാകുന്ന സമത്വശാസ്ത്രം ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായാണ് പരിഗണിച്ചത്. ഏറ്റവും വലിയ രാജ്യങ്ങള്‍ സാമ്പത്തികമായി തകരുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കണം. മാന്ദ്യം വരുമ്പോള്‍ ലോകത്ത് ഉണ്ടായിരുന്ന പണത്തിന് എന്തു സംഭവിക്കുന്നുവെന്നും പഠിക്കണം. പലിശകളെയും പലിശകളില്‍നിന്നുണ്ടാകുന്നതിനെയും സ്രഷ്ടാവ് നശിപ്പിക്കുമെന്ന വിശുദ്ധ ഖുര്‍ആന്റെ പ്രഖ്യാപനം ഇപ്പോള്‍ ശ്രദ്ധേയമാണ്. ശരിയായ ഇസ്‌ലാമിക് ബേങ്കിംഗ് സംവിധാനമാണ് നിലവില്‍ വരേണ്ടത്. ഇസ്‌ലാമിക് ബേങ്കിംഗിന്റെ മറവില്‍ പലിശ വ്യവസ്ഥിതി തന്നെ തുടരുന്നത് ഗണം ചെയ്യില്ല. സത്യസന്ധമായ വ്യാപാരം, തൊഴിലാളി മുതലാളി ബന്ധം എന്നിവയിലൂടെ രാജ്യങ്ങളില്‍ ഐശ്വര്യം ഉണ്ടാക്കാന്‍ കഴിയും. ഇസ്‌ലാം ദാരിദ്ര്യത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അന്യരെ ആശ്രയിക്കാതെയുള്ള ഐശ്വര്യജീവിതമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. യാചനയും ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നു. ഇസ്‌ലാമിക് ബേങ്കിംഗിനെതിരെ ഉയരുന്ന വിമര്‍ശനം ഇസ്‌ലാമിനോടുള്ള വിമര്‍ശനം കൊണ്ടോ ഇസ്‌ലാമിക ബേങ്കിംഗ് ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതുകൊണ്ടോ ആകാമെന്ന് ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. തിരുകേശത്തെ വിവാദമാക്കാന്‍ സുന്നികള്‍ ആഗ്രഹിക്കുന്നില്ല. വിവാദമുണ്ടാക്കുന്നവര്‍ അതില്‍നിന്നു പിന്തിരിയണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. ലോകത്ത് പലയിടത്തും പ്രവാചക കേശവും മറ്റു തിരുശേഷിപ്പുകളും സൂക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കു ബോധ്യപ്പെട്ടതുകൊണ്ടാണ് വിശ്വസിക്കുന്നത്. ബോധ്യപ്പെടാത്തവര്‍ വിശ്വസിക്കണമെന്നു നിര്‍ബന്ധിക്കുന്നില്ല. വിശ്വാസമില്ലാത്തവര്‍ അതിനെ നിന്ദിക്കരുതെന്നും കാന്തപുരം പറഞ്ഞു.





No comments:
Write comments