Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 23, 2019

സി എം വലിയുല്ലാഹി

സി എം വലിയുല്ലാഹി കേരളീയ മുസ്‌ലിംകളെ ആഴത്തില്‍ സ്വാധീനിച്ച ആത്മീയ നേതാവായിരുന്നു. വ്യക്തിപരമായി എന്റെ ജീവിതത്തിലും മര്‍കസിന്റെ പ്രവര്‍ത്തനങ്ങളിലും അവര്‍ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. അല്ലാഹുവിലേക്ക് കര്‍മങ്ങളിലൂടെ അടുക്കുന്ന ഉന്നതരായ അടിമകള്‍ക്ക് സ്രഷ്ടാവ് നല്‍കിയ മഹത്വരമായ സ്ഥാനമാണ്, ആ അടിമകള്‍ ആഗ്രഹിക്കുന്ന പലതും അല്ലാഹു സാധിപ്പിക്കും എന്നത്. അതുകൊണ്ടു തന്നെ അല്ലാഹു നല്‍കിയ കഴിവുകളിലൂടെ സാധാരണ മനുഷ്യരില്‍ നിന്ന് ഭിന്നമായി അനവധി ശേഷികള്‍ അത്തരക്കാര്‍ക്കു ഉണ്ടാകും. സി എം വലിയുല്ലാഹി നിശ്ചയമായും അത്തരം വിശിഷ്ടരായ ഔലിയാക്കളുടെ പദവിയെ പ്രാപിച്ച മഹാനായിരുന്നു.
സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത് പല നിലയിലും പ്രചോദനമായിരുന്നു അവിടുന്ന്. ഏതു പ്രധാന വിഷയത്തിന് പോകുമ്പോഴും അവരെ കണ്ടു ദുആ ചെയ്യിച്ചിട്ടായിരുന്നു പോകാറുണ്ടായിരുന്നത്. എഴുപതുകളുടെ ആദ്യത്തില്‍ ഒരിക്കല്‍ മര്‍ഹൂം ഇ കെ ഹസന്‍ മുസ്‌ലിയാരും മുജാഹിദുകളും തമ്മില്‍ പാലക്കാട് പൂടൂരില്‍ വെച്ച് ഒരു സംവാദം നടത്താന്‍ ധാരണയായി. പക്ഷേ, ആ സമയത്ത് ഹസന്‍ മുസ്‌ലിയാര്‍ക്ക് ഹജ്ജിനു പോകാനുള്ള അവസരം യാദൃച്ഛികമായി ഒത്തുവന്നു. അങ്ങനെ അദ്ദേഹം ഹജ്ജിനായി പുറപ്പെട്ടു.

ഈ അവസരം മുതലെടുത്ത് സുന്നികള്‍ വാദപ്രതിവാദത്തില്‍ നിന്ന് ഒളിച്ചോടി എന്ന രൂപത്തില്‍ പോസ്റ്ററുകള്‍ പതിച്ചു പ്രചാരണമാരംഭിച്ചു. അദ്ദേഹത്തിന്റെ അഭാവത്തില്‍ വാദപ്രതിവാദം നടക്കില്ല എന്ന കരുതലിലാണ് അവര്‍ അതിനു മുതിര്‍ന്നത്. ഉടനെ പാലക്കാട്ടെ സുന്നി പ്രവര്‍ത്തകര്‍ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെ സമീപിച്ചു. സംഭവം വിവരിച്ചപ്പോള്‍ വാദപ്രതിവാദം നടത്താമെന്നു അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് പണ്ഡിതന്‍മാരുടെ മുശാവറ കൂടി വിഷയമവതരിപ്പിക്കാന്‍ എന്നെ ചുമതലപ്പെടുത്തി.
ആ തീരുമാനം വന്നപ്പോള്‍ സി എം വലിയുല്ലാഹിയെ കണ്ടു ദുആ ചെയ്യിക്കാന്‍ ഞാന്‍ നിശ്ചയിച്ചു. അവരെ കാണാന്‍ നാല് സ്ഥലങ്ങളിലേക്കു പോയി. പക്ഷേ, നേരിട്ട് കാണാന്‍ സാധിച്ചില്ല. അങ്ങനെ വാദപ്രതിവാദത്തിന് പോവാനുള്ള ദിവസമടുത്തു. തൊട്ടുമുമ്പുള്ള രണ്ടു ദിവസം പണ്ഡിതന്‍മാര്‍ ഒരുമിച്ചു കൂടി വാദപ്രതിവാദത്തില്‍ ഉദ്ധരിക്കേണ്ട ആയത്തുകളും ഹദീസും എല്ലാം ചര്‍ച്ച ചെയ്തു. നിശ്ചിത ദിവസം പാലക്കാട്ടേക്ക് പുറപ്പെട്ടു. അപ്പോഴും എന്റെ മനസ്സില്‍ ഉള്ള വിങ്ങല്‍, സി എം വലിയുല്ലാഹിയെ കാണാന്‍ പറ്റിയില്ലല്ലോ എന്നായിരുന്നു.
മഞ്ഞക്കുളം മഖാമില്‍ ഇറങ്ങിയപ്പോള്‍ സി എം വലിയുല്ലാഹിയുടെ ഖാദിമായിരുന്ന അബ്ദുര്‍റഹ്മാന്‍ എന്നയാളുണ്ടവിടെ. എന്നെ കണ്ടപ്പോള്‍ ഓടി വന്നു പറഞ്ഞു: നിങ്ങളെ ഇവിടെ നിന്ന് കാണാനായി സി എം വലിയുല്ലാഹി അയച്ചതാണ്. വാദപ്രതിവാദം ധൈര്യമായി നടത്താന്‍ അവിടുന്ന് പറഞ്ഞിട്ടുണ്ട്. വിജയിക്കുമെന്നുള്ള ഉറപ്പ് താങ്കളെ അറിയിക്കാനും പറഞ്ഞു. അത് വലിയ സന്തോഷം നല്‍കി. അല്ലാഹുവിനെ സ്തുതിച്ചു. നമ്മുടെ നഫ്‌സിലുള്ളത് പോലും അറിയാനും നിര്‍ദേശം നല്‍കാനും ഒക്കെ അവിടുത്തേക്കു കഴിയുമായിരുന്നു എന്നാണല്ലോ അത് സൂചിപ്പിക്കുന്നത്.
അങ്ങനെ വാദപ്രതിവാദം നടക്കുന്ന പൂടൂരില്‍ എത്തി. നാല് ദിവസം പരിപാടി നടന്നു. ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഞാന്‍ സംസാരിച്ചു. മുജാഹിദുകളില്‍ നിന്ന് അബ്ദുല്‍ ഖാദിര്‍ മൗലവിയും സുല്ലമിയും മാറി മാറി പ്രസംഗിച്ചു . അവര്‍ക്ക് മറുപടി പറയാനാകാതെ പരിപാടി ഇടക്ക് നിശ്ചലമായ അവസ്ഥ പോലും ഉണ്ടായി. വലിയ വിജയമായിരുന്നു ആ പരിപാടി. സലഫികളിലെ വിശ്വാസപരമായ തെറ്റുകളെ കൃത്യമായി ചൂണ്ടിക്കാട്ടി. അതേത്തുടര്‍ന്ന് പാലക്കാട്ടെ പറളിയിലെ 90 വീട്ടുകാര്‍ സലഫി പ്രസ്ഥാനത്തില്‍ നിന്ന് പിന്‍മാറി. അവിടെ ഒരു പള്ളി സ്ഥാപിച്ചു. ഇന്നും സുന്നി വിശ്വാസ പ്രകാരം ജുമുഅയും പ്രാര്‍ഥനയും എല്ലാം ആ പള്ളിയില്‍ നടക്കുന്നു.
പരിപാടി കഴിഞ്ഞു നാട്ടില്‍ വന്നു രണ്ടാം ദിവസം എനിക്ക് ശക്തമായ പനി ബാധിച്ചു. ഡോക്ടര്‍മാര്‍ പരിശോധിച്ചിട്ടൊന്നും കാരണം കണ്ടെത്താനായില്ല. മൂന്നാമത്തെ ദിവസം ഫാതിഹ ഓതി രാത്രി കിടന്നു. ഉറക്കത്തില്‍ ഒരു സംഭവമുണ്ടായി. ഒരു വലിയ മതില്‍ക്കെട്ടിനു സമീപത്തു കൂടെ ഞാന്‍ നടന്നു പോകുകയായിരുന്നു. പിന്നാലെ ഒരാള്‍ കൂടിയിട്ടുണ്ട്. എന്നോട് വര്‍ത്തമാനങ്ങള്‍ ഒക്കെ പറയാന്‍ തുടങ്ങി. അയാളുടെ സമീപനത്തില്‍ പന്തികേട് തോന്നി. അങ്ങനെ നടന്നു ആ മതില്‍ കഴിഞ്ഞു തിരിയുന്ന ഇടത്ത് ഒരു കുഴി കണ്ടു. അന്നേരം, കുഴിയിലേക്ക് എന്നെ വലിച്ചിടാന്‍ അയാള്‍ ശ്രമിച്ചു. ശക്തമായ രീതിയില്‍ ആ വ്യക്തി അതിനു ശ്രമിക്കുകയും ഞാന്‍ പ്രതിരോധിക്കുകയും ചെയ്യുമ്പോള്‍ ഉണ്ട്, സി എം വലിയുല്ലാഹി വരുന്നു. അവിടുത്തെ കണ്ടതും അക്രമി ഓടി. എന്നോട് അവിടുന്ന് വായ തുറക്കാന്‍ പറഞ്ഞു. എന്തോ ഉള്ളില്‍ നിന്ന് എടുത്തുമാറ്റി.

പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ പനി പൂര്‍ണമായി മാറി. സന്തോഷമായി. അല്ലാഹുവിനെ സ്തുതിച്ചു. അടുത്ത ദിവസം അവിടുത്തെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. അന്വേഷിച്ചപ്പോള്‍ താമരശ്ശേരി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞു. ഞാന്‍ ചെന്ന് കണ്ടപ്പോള്‍ തന്നെ അവര്‍ എന്നോട് ചോദിച്ചു: ‘ഞാന്‍ ഭയപ്പെടേണ്ട എന്നു പറഞ്ഞില്ലേ, പേടിക്കുകയേ വേണ്ട’ അന്നവിടെ സയ്യിദ് യൂസുഫുല്‍ ജീലാനി തങ്ങളും ഉണ്ട്. ആ സംഭവം സുന്നത്ത് ജമാഅത്തിനായി പ്രസംഗിക്കാനും വാദപ്രതിവാദം നടത്താനും പോകാന്‍ വലിയ ആത്മവിശ്വാസം നല്‍കി.
നമ്മുടെ ജീവിതത്തിലെ ചെറിയ തെറ്റുകള്‍ പോലും അവിടുന്ന് മനസ്സിലാക്കുമായിരുന്നു. ചില ദിവസങ്ങളില്‍ ചെല്ലുമ്പോള്‍ പറയും: ‘നിങ്ങള്‍ ഇന്ന ദിവസം നടത്തിയ പ്രസംഗത്തില്‍ ആ സ്വഹാബിയെ പരാമര്‍ശിച്ചപ്പോള്‍ തര്‍ളിയത് ചൊല്ലാന്‍ മറന്നല്ലോ, വേഗം തൗബ ചെയ്യണം’. എന്നൊക്കെ പറയും. ഓര്‍ക്കുമ്പോള്‍, അവിടുന്ന് പറഞ്ഞത് ശരിയായിരുന്നു എന്ന് മനസ്സിലാവും. എത്രയോ അനുഭവങ്ങളുണ്ടങ്ങനെ.
കടം ഉണ്ടായിരുന്ന കാലത്ത്, പലപ്പോഴും സി എം വലിയുല്ലാഹിയോട് പറയുമായിരുന്നു. അവിടുന്ന് ദുആ ചെയ്തു തരുമായിരുന്നു. ഒരു ദിവസം ചെന്നപ്പോള്‍, അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്ക് ഇത്ര രൂപ കടം ഉണ്ട്. അത് ഇന്ന ദിവസം വീടും. ഞാന്‍ വീട്ടില്‍ ചെന്ന് എല്ലാ രേഖകളും പരിശോധിച്ച് എനിക്ക് വ്യക്തിപരമായുള്ള കടക്കണക്ക് നോക്കി. അവിടുന്ന് പറഞ്ഞ കണക്കു കൃത്യമായിരുന്നു. പറഞ്ഞ ദിവസം തന്നെ കൊടുത്തുവീട്ടാന്‍ അല്ലാഹു വഴികള്‍ തുറന്നുതരികയും ചെയ്തു.

മര്‍കസിന്റെ ഓരോ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും അവിടുത്തെ കണ്ടു ദുആ ചെയ്യിപ്പിക്കുമായിരുന്നു. ആദ്യ ഘട്ടത്തില്‍ സ്ഥലം കണ്ടെത്താന്‍ വിഷമിച്ചു. പല സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും യോജിച്ച സ്ഥലം കിട്ടിയില്ല. അങ്ങനെ സി എം വലിയുല്ലാഹിയെ കണ്ടു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ മടങ്ങി പോകുമ്പോള്‍ ഉചിതമായ സ്ഥലം കണ്ടെത്തുമെന്ന്. ആ തിരിച്ചുവരവിലാണ് കാരന്തൂരിലെ ഇപ്പോള്‍ മര്‍കസ് നില്‍ക്കുന്ന സ്ഥലത്ത്, വില്‍പ്പനക്ക് എന്ന ബോര്‍ഡ് കണ്ടതും ഉടമയുമായി സംസാരിച്ചു കച്ചവടത്തിന് ധാരണയായതും. പിന്നീട് പലപ്പോഴും ഈ സ്ഥലത്ത് അദ്ദേഹം വന്നിരുന്നു. ദൂരെയുള്ള സ്ഥലമൊക്കെ ചൂണ്ടി, അതൊക്കെ മര്‍കസിന്റേത് ആവും എന്ന് പറഞ്ഞപ്പോള്‍ കിട്ടിയ സന്തോഷം വലുതായിരുന്നു. അവര്‍ പറഞ്ഞ ആ സ്ഥലം മുഴുവന്‍ ഇന്ന് മര്‍കസിന്റെ കീഴിലായി. ദീനിയായ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ വിധ പിന്തുണയും മഹാന്‍ തരും. ആ പ്രാര്‍ഥനകള്‍ വലിയ ആശ്വാസമായിരുന്നു. രാഷ്ട്രീയക്കാരുടെ ഭീഷണികളെയൊക്കെ അതിജീവിച്ചു എല്ലാം അല്ലാഹുവില്‍ സമര്‍പ്പിച്ചു മുന്നോട്ടു പോകാന്‍ ആ ഉപദേശങ്ങള്‍ തന്ന കരുത്ത് വാക്കുകള്‍ക്കതീതമായിരുന്നു.

രാഷ്ട്രീയക്കാര്‍ ഇടപെട്ടു സമസ്തയില്‍ പ്രശ്‌നം ഉണ്ടാക്കാന്‍ തുനിഞ്ഞപ്പോള്‍ സത്യത്തിനായി ഉറച്ചു നില്‍ക്കാന്‍ താജുല്‍ ഉലമക്കും എനിക്കും എല്ലാം ഏറ്റവും നന്നായി പ്രചോദനം തന്നത് അവരായിരുന്നു. പ്രതിസന്ധികളുടെ ആ നാളുകളില്‍ അവര്‍ തന്ന ആത്മവിശ്വാസവും മനക്കരുത്തും തെല്ലൊന്നുമല്ല സുന്നത്ത് ജമാഅത്തിന്റെ വളര്‍ച്ചയെ സഹായിച്ചത്.
വഫാത്തിന് ശേഷവും ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് അഭയമാണ് ആ സാന്നിധ്യം. മര്‍കസ് സമ്മേളനം അടക്കം സുന്നത്ത് ജമാഅത്തിന്റെ ഏതു പ്രവര്‍ത്തനവും മടവൂരില്‍ സിയാറത്ത് ചെയ്ത ശേഷമാണ് ആരംഭിക്കാറ്. മഹാനവറുകളുടെ കൂടെ അല്ലാഹു സ്വര്‍ഗത്തില്‍ ഒരുമിപ്പിക്കട്ടെ. -        Sheikh Aboobacker Ahmed الشيخ أبوبكر أحمد

No comments:
Write comments