മലപ്പുറം: ഖുര്‍ആന്‍ വചനങ്ങള്‍ അന്ധതയുടെ കരിമ്പടം നീക്കി മുഹമ്മദ്
ത്വാഹയുടെ കണ്ണില്‍ വിശുദ്ധിയുടെയും ആത്മീയതയുടെയും വചനങ്ങള്‍
തിളങ്ങുകയാണ്. ഇരുട്ട് പകരുന്ന കണ്ണുകളെ തോല്‍പിച്ച് വിശുദ്ധ ഖുര്‍ആനിനെ
സ്വായത്തുമാക്കുകയാണ് ഖുര്‍ആന്‍ അവതരണത്തിന്റെ വാര്‍ഷികം കൂടിയായ പുണ്യ
റംസാന്‍ വിളിപ്പാടകലെ എത്തി നില്‍ക്കുന്ന വേളയില്‍, സ്വലാത്ത് നഗറിര്‍
മഅ്ദിന്‍ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജിലെ അന്ധ വിദ്യാര്‍ത്ഥി ത്വാഹാ മഹബൂബ്.
മഅ്ദിന്‍
അന്ധവിദ്യാലയത്തിലെ ഏഴു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയാണ് മുഹമ്മദ്
ത്വാഹ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ ചേര്‍ന്നത്. മൂന്നു വര്‍ഷം കൊണ്ട്
വിശുദ്ധ വേദം മനപാഠമാക്കിയത് ഏറെ വ്യത്യസ്തതകളോടെയാണ്. സാധാരണഗതിയില്‍
കാഴ്ചയില്ലാത്തവര്‍ മറ്റുള്ളവര്‍ പാരായണം ചെയ്യുന്നത് കേട്ടാണ്
പഠിക്കുന്നത്. എന്നാല്‍ ത്വാഹ ബ്രൈലി ലിപിയിലുള്ള ഖുര്‍ആന്‍ ഉപയോഗിച്ചാണ്
പഠനം പൂര്‍ത്തിയാക്കിയത്. മഅ്ദിന്‍ അന്ധവിദ്യാലയത്തില്‍ നിന്ന് ബ്രൈലി
സ്വായത്തമാക്കിയത് തന്റെ ഖുര്‍ആന്‍ പഠനത്തിന് ഏറെ സഹായകമായെന്ന് ത്വാഹ
സാക്ഷ്യപ്പെടുത്തുന്നു.
പാരായണത്തിലെ ശൈലിയിലും ത്വാഹ മറ്റുള്ളവരില്‍
നിന്നും ഏറെ വ്യത്യസ്തനാണ്. അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള 15 പാരായണ
വിദഗ്ധരുടെ ശൈലികള്‍ മുഹമ്മദ് ത്വാഹക്ക് സ്വായത്തമാണ്. 114
അധ്യായങ്ങളിലായുള്ള (സൂറത്തുകള്‍) 6,666 ഖുര്‍ആന്‍ സൂക്തങ്ങളില്‍
(ആയത്തുകള്‍) ഏതിന്റെ നമ്പര്‍ പറഞ്ഞാലും അത് പെട്ടെന്ന് മനസിലാക്കി ത്വാഹ
ഓതി കേള്‍പിക്കും.
മഅ്ദിന്‍ ഖുര്‍ആന്‍ കോളജില്‍ സംഘടിപ്പിച്ച
ഖുര്‍ആന്‍ വിസ്മയം എന്ന് പ്രത്യേക പരിപാടിയില്‍ ത്വാഹയുടെ അവതരണം ഏറെ
ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ
ഖുര്‍ആന്‍ പാരായണ വിദഗ്ധര്‍ക്കൊപ്പമാണ് മുഹമ്മദ് ത്വാഹ ഖുര്‍ആന്‍ വചനങ്ങള്‍
ഓതി കേള്‍പിച്ചത്.
അന്ധതയെ അതിജീവിച്ച് വിശുദ്ധ ഗ്രന്ഥത്തെ
മനഃപാഠമാക്കിയ ത്വാഹയെ ബറാഅത്ത് ദിനത്തില്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന
ആത്മീയ സംഗമത്തില്‍ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുന്നുണ്ട്.
ഓമച്ചപ്പുഴ
വരിക്കോട്ടില്‍ അബ്ദുല്ല ഹാജി - മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനാണ്
ത്വാഹാ മഹ്ബൂബ്. സൂഫിവര്യനും ഹാഫിളുമായ ഹാഫിള് അബൂബക്കര്‍ കുട്ടി
മുസ്‌ലിയാര്‍ ഓമച്ചപ്പുഴയുടെ പേരമകന്‍ കൂടിയാണ് ത്വാഹ. കുടുംബത്തിന്റെ
ഖുര്‍ആനിക പാരമ്പര്യം നിലനിര്‍ത്തുക എന്ന മഹത്തായ ലക്ഷ്യമാണ് ത്വാഹയുടെ ഈ
അപൂര്‍വ നേട്ടത്തിന് പിന്നില്‍.
Subscribe to:
Post Comments (Atom)
No comments:
Write comments