Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 28, 2013

രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍െറ സ്മരണയില്‍ യു.എ.ഇ

രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍െറ ഒമ്പതാം ചരമവാര്‍ഷികം ഇന്ന്
ദുബൈ: രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ ഒമ്പതാം ചരമ വാര്‍ഷിക സ്മരണയിലാണിപ്പോള്‍ യു.എ.ഇ.
ഒരു പുരുഷായുസ്സില്‍ ഒരു രാഷ്ട്രശില്‍പിക്ക് ഭാവന ചെയ്യാന്‍ കഴിയാത്തവിധം സമാനതകളില്ലാത്ത സംഭാവനകള്‍ ജനക്ഷേമ തല്‍പ്പരതയില്‍ ശൈഖ് സായിദിന് അര്‍പ്പിക്കാന്‍ സാധിച്ചുവെന്നതാണ് ചരിത്രത്തില്‍ അദ്ദേഹത്തെ അവിസ്മരണീയനാക്കുന്നത്.
‘സമൂഹ പുരോഗതിക്ക് ഉപകരിക്കാത്ത ധനത്തില്‍ നന്മയില്ലെന്ന’ കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്‍േറത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിലൂന്നി ഒരു നവസമൂഹ സൃഷ്ടിക്കായി അദ്ദേഹം തുടക്കം കുറിച്ചു. ദീര്‍ഘ വീക്ഷണം കൊണ്ടും ജനക്ഷേമ തല്‍പ്പരതകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണദ്ദേഹത്തിന് വിശ്വോത്തരമായ രാഷ്ട്ര സങ്കല്‍പം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത്. വിദ്യാഭ്യാസത്തിന് പുറമേ ആരോഗ്യം, സാമൂഹിക സേവനം, പരിസ്ഥിതി, കാര്‍ഷിക രംഗം, ജീവകാരുണ്യം തുടങ്ങി നാടന്‍ കലാ പുനരുദ്ധാന സംരംഭങ്ങള്‍ വരെ ദീര്‍ഘ വീക്ഷണത്തിന്‍െറ ഉദാഹരണങ്ങള്‍ മാത്രം.
ഭരണ സാരഥ്യത്തിലിരിക്കെ ഒരുനാള്‍ ശൈഖ് സായിദ് പറഞ്ഞു: ‘എന്‍െറ സ്വപ്നങ്ങള്‍ ഏറെയാണ്. ആധുനിക ലോക സംസ്കാരങ്ങളില്‍ ഈ ഭൂമി കയറിയെത്തുമെന്ന് ഞാന്‍ സ്വപ്നം കാണുന്നു. സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്നു. ഏതെങ്കിലുമൊരുദിനം അത് പുലരുമെന്ന് എനിക്ക് ദൃഢബോധമുണ്ടായിരുന്നു.’ അദ്ദേഹത്തിന്‍െറ ഉള്‍വിളി പുലരുന്നതാണ് യു.എ.ഇ ചരിത്രം.
തന്‍െറ ദൗത്യനിര്‍വഹണത്തില്‍ എന്നും ശൈഖ് സായിദ് വിസ്മയമായിരുന്നു. നീര്‍ച്ചാലുകള്‍ക്ക് പകരം അത്യാധുനിക ജലസേചന പദ്ധതികള്‍ ആവിഷ്കരിച്ചപ്പോള്‍ അല്‍ഐന്‍ കാര്‍ഷിക രംഗത്ത് അതിശീഘ്രം മുന്നോട്ടുപോയി. അല്‍ഐന്‍ എന്ന ഹരിത നഗരത്തിന്‍െറ പിന്നില്‍ ചരിത്രപൂര്‍ണമായൊരു പേറ്റു നേവിന്‍െറ കഥയുണ്ട്.
ഏകമാനവികതാബോധം അദ്ദേഹത്തെ നയിച്ചു. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ശൈഖ് സായിദ് പറഞ്ഞു: ‘ലോകത്ത് ഏതൊരു സമൂഹത്തെയും അറിയും മുമ്പ് ഇന്ത്യന്‍ ജനതയെ നമുക്കറിയാം’. അറബികളുമായി ചരിത്രാതീതകാലം മുതല്‍ ബന്ധമുള്ള ഭരണത്തിന്‍െറ നന്ദിയുള്ള സഹോദരിയാണ് യു.എ.ഇ എന്ന് നാമും വിശ്വസിക്കുന്നു.
വൈവിധ്യമാര്‍ന്ന ഭിന്നദേശീയതകള്‍ സംഗമിക്കുന്ന ഈ അഴിമുഖത്ത് സ്വന്തമായ വ്യക്തിത്വവും സംസ്കാരവും കാത്തുസൂക്ഷിച്ച് ജീവിതായോധന മാര്‍ഗത്തില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ കണ്ടെത്താന്‍ ഉതകുംവിധം യു.എ.ഇയെ പ്രാപ്തമാക്കിയ രാഷ്ട്രപിതാവിനെയാണ് ഇന്ന് രാജ്യം സ്മരിക്കുന്നത്.
അബൂദബി ഭരണാധികാരി കൂടിയായിരുന്ന ശൈഖ് സായിദിന്‍െറ ജനനം 1918ല്‍ അബൂദബിയിലെ അല്‍ ഹിസ്വന്‍ കൊട്ടാരത്തിലായിരുന്നു. 1855 മുതല്‍ 1909 വരെ അബൂദബി ഭരിച്ചിരുന്ന പിതാമഹനായ ശൈഖ് സായിദ് ബിന്‍ ഖലീഫയുടെ പേര് തന്നെയാണ് ശൈഖ് സായിദിനും നല്‍കിയത്.
1946ല്‍ അല്‍ഐന്‍ പ്രവിശ്യാ ഭരണ സാരഥ്യത്തിലേക്ക് വന്നതോടെ നേതൃപാടവം കൊണ്ടദ്ദേഹം ശ്രദ്ധേയനായി. 1966 ആഗസ്റ്റ് ആറിന് അബൂദബി സംസ്ഥാന ഭരണത്തിലേക്കദ്ദേഹം അവരോധിക്കപ്പെട്ടു. എമിറേറ്റുകളുടെ ഐക്യവേദി രൂപവത്കരിക്കാന്‍ മുന്നിട്ടിറങ്ങിയ ശൈഖ് സായിദ് 1971 ഡിസംബര്‍ രണ്ടിന് യു.എ.ഇയുടെ പ്രഥമ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മരിക്കുന്നതുവരെ ആ പദവി അദ്ദേഹം ശ്രേഷ്ഠമാക്കി. യു.എ.ഇ ജനതയെയും ലോക സമൂഹത്തെയും വേദനയിലാഴ്ത്തി 2004 നവംബര്‍ രണ്ടിന് ശൈഖ് സായിദ് തന്‍െറ 86ാം വയസ്സില്‍ ഈ ലോകത്തോട് വിടവാങ്ങി. അറബി കലണ്ടറനുസരിച്ച് അദ്ദേഹത്തിന്‍െറ വിയോഗം റമദാന്‍ 19നായതിനാലാണ് ഇന്ന് ചരമവാര്‍ഷികം ആചരിക്കുന്നത്.

  ജീവകാരുണ്യങ്ങള്‍ക്ക് മാര്‍ഗദര്‍ശി യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ് യാനാണ്. ലോകത്ത് സാമൂഹിക ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്ന, മനുഷ്യരുടെ തേങ്ങലുകള്‍ ശൈഖ് സായിദിന്റെ കരളയിച്ചിരുന്നു. എണ്ണ വരുമാനത്തിന്റെ വലിയ പങ്ക് ദാനം ചെയ്യാന്‍ തുടങ്ങിയത് അങ്ങിനെയാണ്.
ശൈഖ് സായിദ് സ്ഥാപിച്ച അടിത്തറയാണ് യു എ ഇയുടെ പ്രയാണത്തിന് ഹേതു. ഒരേ സംസ്‌കാരം പേറുമ്പോഴും ട്രൂഷ്യല്‍ സ്‌റ്റേറ്റുകളുടെ കീഴില്‍ വേറിട്ടുനിന്നിരുന്ന ജനതയെ ഒന്നിപ്പിക്കാന്‍ ശൈഖ് സായിദ് മുന്‍കൈയെടുക്കുകയാണ് ആദ്യം ചെയ്തത്. അന്നത്തെ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ അകമഴിഞ്ഞ പിന്തുണ ശൈഖ് സായിദിന് ലഭിച്ചു.
യു എ ഇ രൂപവത്കൃതമായ ശേഷം ശൈഖ് സായിദ് ഈ രാജ്യത്തിനു വേണ്ടി വിശ്രമമില്ലാതെ അധ്വാനിച്ചു. അടിസ്ഥാന സൗകര്യ വികസനമായിരുന്നു പ്രധാന വെല്ലുവളി. മികച്ച റോഡുകളും പാലങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും യു എ ഇക്ക് അനിവാര്യമായിരുന്നു. എണ്ണ വരുമാനം ഉണ്ടെങ്കിലും മനുഷ്യവിഭവശേഷി ഇല്ലായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധരെയും അവിദഗ്ധരെയും യു എ ഇയിലെത്തിക്കാന്‍ വാതില്‍ തുറന്നു. ശൈഖ് സായിദ് ഉള്ളപ്പോള്‍ വിദേശികള്‍ക്ക് ആശങ്കപ്പെടേണ്ടതില്ലായിരുന്നു. ആരുടെയും നന്മയെയും അധ്വാനത്തെയും അംഗീകരിക്കാന്‍ ശൈഖ് സായിദ് തയാറായിരുന്നു.
ലുലു ഗ്രൂപ്പ് അടക്കം വിദേശികളുടെ വന്‍കിട വാണിജ്യസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ യാതൊരു മടിയും കാട്ടിയില്ല. ശൈഖ് സായിദിന്റെ രക്ഷാകവചവും പ്രോത്സാഹനവും ഇല്ലായിരുന്നുവെങ്കില്‍ ലുലുവിന് ഇത്രയധികം ഉയരാന്‍ കഴിയുകയില്ലായിരുന്നുവെന്ന് എം ഡി. എം എ യൂസുഫലി അഭിമുഖങ്ങളില്‍ ഓര്‍ക്കാറുണ്ട്.
‘ലോകം കണ്ട ഭരണാധികാരികളില്‍ ഏറ്റവും കാരുണ്യമുള്ളയാളാണ് ശൈഖ് സായിദെന്ന് നിസംശയം പറയാനാകും. സ്വദേശിയെന്നോ വിദേശിയെന്നോ വേര്‍തിരിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ എന്നെപ്പോലെയുള്ളവര്‍ക്കും പ്രവേശനമുണ്ടായിരുന്നു. എന്തും തുറന്നു പറയാന്‍ അവസരം തന്നിരുന്നു. ആ ഓര്‍മകള്‍ക്ക് മരണമില്ല’-എം എ യൂസുഫലി ഒരിക്കല്‍ പറഞ്ഞു.
ശൈഖ് സായിദിനോടുള്ള ബഹുമാന സൂചകമായി യു എ ഇ എക്‌സ്‌ചേഞ്ച് ഒരു പുസ്തകം ഇറക്കിയിട്ടുണ്ട്. അബുദാബിയില്‍ ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്ന ജലീല്‍ രാമന്തളിയാണ് പുസ്തകം രചിച്ചത്.
പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട്, അര്‍ഥമില്ലാത്ത അഭിനന്ദനങ്ങള്‍ നേടാന്‍ ഒരിക്കലും ശ്രമിക്കാതെ പ്രവര്‍ത്തന പഥത്തില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത ധിഷണാശാലി. മുപ്പതും നാല്‍പ്പതും വര്‍ഷം അബുദാബിയില്‍ ജീവിച്ചിട്ടും അദ്ദേഹത്തെ നേരില്‍ കണ്ടവര്‍ ചുരുക്കം. പ്രകടന പരതയുടെ ശബ്ദഘോഷങ്ങളില്‍ നിന്നും സൂക്ഷ്മമായ അകലം പാലിച്ചു. എത്രമാത്രം അര്‍ഥവത്തായിരുന്നു അതെന്ന് ഓര്‍ക്കുക.
ഒരിക്കല്‍പ്പോലും നേരില്‍ കണ്ടിട്ടില്ലാത്തവരും അദ്ദേഹത്തെ മാനസകൊട്ടാരത്തില്‍ ഉന്നതിയില്‍ പ്രതിഷ്ഠിച്ചു. ആശ്വാസത്തിന്റെ താങ്ങായി, വാത്സല്യത്തിന്റെ തലാടലായി, അദൃശ്യമായ അഭയമായി, കാലം അത്യപൂര്‍വം കാട്ടിത്തരുന്ന അതൃപ്പങ്ങളില്‍ ഒന്നായി… എന്നാണ് ജലീല്‍ രാമന്തളി വിലയിരുത്തുന്നത്.
മുത്തുവാരിയും മീന്‍പിടിച്ചും ഒട്ടകങ്ങളെ വളര്‍ത്തിയും കഴിഞ്ഞിരുന്ന ജനതക്ക് ആധുനിക ലോകത്തിന്റെ കിളിവാതില്‍ പണിതത് ശൈഖ് സായിദാണ്. വിവിധ പ്രവിശ്യകളില്‍ ഭരണാധികാരിയായിരിക്കുമ്പോഴും മരുഭൂമിയിലൂടെ നിരന്തരം സഞ്ചരിച്ചതിന്റെയും മറ്റു രാജ്യങ്ങളുടെ വളര്‍ച്ചയെ കണ്ണുതുറന്ന് നോക്കിയതിന്റെയും ഫലമായി ശൈഖ് സായിദ് മഹാജ്ഞാനിയായി മാറിയിരുന്നു. 1946ല്‍ അബുദാബി ഭരിച്ച ശൈഖ് ശഖ്ബൂത്തിന്റെ പ്രതിനിധിയായി അല്‍ ഐന്‍ പ്രവിശ്യയിലാണ് ആദ്യം ഭരണാധികാരം ഏറ്റത്. അന്ന് അബുദാബിയോ അല്‍ ഐനോ എണ്ണ സമ്പന്നമായിരുന്നില്ല.
1958ലാണ് അബുദാബിയില്‍ എണ്ണ കണ്ടെത്തുന്നത്. അതോടെ, ശൈഖ് സായിദിന്റെ വിശാല സ്വപ്‌നങ്ങള്‍ പൂവണിയാനുള്ള ഉപാധിയായി.
എനിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. നമ്മുടെ നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍. പുരോഗതി കൈവരിച്ച നാടുകളെപ്പോലെ, എന്റെ നാടും ഉയരണം. കനവുകള്‍ സാക്ഷാത്കരിക്കാനുള്ള ആയുധം എന്റെ കൈയിലില്ലായിരുന്നു. എങ്കിലും എനിക്ക് ഉറപ്പുണ്ടായിരുന്ന. ഒരിക്കല്‍ അഭിലാഷങ്ങള്‍ പൂവണിയുമെന്ന്-ശൈഖ് സായിദ് പറഞ്ഞു.
1971ല്‍ യു എ ഇ രൂപവത്കരിക്കാന്‍ ശൈഖ് സായിദ് മുന്നിട്ടിറങ്ങിയത് കുറേക്കൂടി വിശാലമായ വികസന പരിപ്രേക്ഷ്യത്തിന്റെ ഭാഗമായാണ്. അറബ് ജനതയുടെ മുന്നേറ്റമാണ് ശൈഖ് സായിദ് അതിലൂടെ സ്വപ്‌നം കണ്ടത്. ശൈഖ് സായിദിന്റെ വിയോഗവാര്‍ത്ത യു എ ഇ ജനതക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല.
അദ്ദേഹം വിഭാവനം ചെയ്ത ഗ്രാന്‍ഡ് മസ്ജിദിലേക്ക്, ഭൗതിക ശരീരം കൊണ്ടുപോകുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ കിലോമീറ്ററുകള്‍ താണ്ടി ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ലായിരുന്നു ആ ബഹുമാന പ്രകടനം. ഒരോരുത്തരുടെയും മനസില്‍ ശൈഖ് സായിദ് സ്‌നേഹത്തിന്റെ ഇരിപ്പിടം അത്രമാത്രം ഉറപ്പിച്ചിരുന്നു.

No comments:
Write comments