റിയാദ്: സൗദി കിരീടാവകാശിക്ക് രാഷ്ട്രവും നാട്ടുകാരും വിടചൊല്ലി. ന്യൂയോര്‍ക്കിലെ ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ കഴിഞ്ഞദിവസം മരണപ്പെട്ട സൗദി കിരീടാവകാശിയും പ്രതിരോധ ഉപപ്രധാനമന്ത്രിയും വ്യോമയാനമന്ത്രിയും ഇന്‍സ്‌പെക്ടര്‍ ജനറലുമായ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍അസീസ് ആലു സഊദിന്റെ മൃതദേഹം തലസ്ഥാനമായ റിയാദിലെ തുര്‍ക്കി ബിന്‍ അബ്ദുള്ള മസ്ജിദില്‍ നടന്ന ജനാസ നമസ്‌കാരത്തിനു ശേഷം സമീപത്തുള്ള ഊദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.
ചൊവ്വാഴ്ച അസര്‍ നിസ്‌കാരാനന്തരം നടന്ന സംസ്‌കാരകര്‍മങ്ങള്‍ക്ക് ശാരീരികാസ്വാസ്ഥ്യം വകവെക്കാതെ ഭരണാധികാരി അബ്ദുള്ള രാജാവ് നേതൃപരമായ പങ്കാളിത്തം വഹിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളും പ്രതിനിധികളും രാജകുടുംബത്തിലെ ഏതാണ്ട് എല്ലാ അംഗങ്ങളും പങ്കെടുത്ത ജനാസ ചടങ്ങ് ലാളിത്യത്തിന്റെ കൂടി മാതൃകയായി.
ന്യൂയോര്‍ക്കില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് സൗദിയുടെ പ്രത്യേക വിമാനത്തില്‍ റിയാദ് എയര്‍ബസില്‍ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാനും അബ്ദുള്ള രാജാവ് എത്തിയിരുന്നു. പള്ളിയില്‍ വെച്ച് നിര്‍വഹിച്ച ജനാസ നിസ്‌കാരത്തിനു ശേഷം മൃതദേഹം വഹിച്ച് ജനം ഖബറിടത്തിലേക്ക് നടന്നു.
ജി.സി.സി. രാജ്യങ്ങളും യമനും സുല്‍ത്താന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഔദ്യോഗിക ദുഃഖാചരണം ആചരിക്കുകയാണ്. റിയാദില്‍ നടന്ന ജനാസ നമസ്‌കാരത്തിനുശേഷം സൗദിയിലുടനീളം എല്ലാ പള്ളികളിലും പരേതാത്മാവിന് വേണ്ടി ജനാസ നിസ്‌കാരം നിര്‍വഹിക്കപ്പെട്ടു. ഭരണാധികാരിയുടെ ആഹ്വാനപ്രകാരമായിരുന്നു ഇത്.
കേന്ദ്രമന്ത്രി ഗുലാംനബി ആസാദ്, ജോര്‍ദാന്‍ രാജാവ് അബ്ദുള്‍ രണ്ടാമന്‍, അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, സുഡാന്‍ പ്രസിഡന്റ് ഒമര്‍ ഹസ്സന്‍ അല്‍ ബഷീര്‍, ഈജിപ്തിലെ സൈനിക കൗണ്‍സില്‍ മേധാവി മുഹമ്മദ് ഹസ്സന്‍ തന്താവി, ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫആലു താനി, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അസ്സബാഹ്, ഒമാന്‍ ഭരണാധികാരിയുടെ പ്രതിനിധി അസ്അദ് ആലു സഈദ്, ലബനന്‍ പ്രസിഡന്റ് നജീബ് മീഖാതി, മലേഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് നജീബ്, ഇറാന്‍ വിദേശകാര്യ മന്ത്രി അലി അക്ബര്‍ സാലിഹി, സെനഗല്‍ പ്രസിഡന്റ് അബ്ദുള്ള വാദ്, യെമന്‍ വൈസ്പ്രസിഡന്റ് അബ്ദുള്ള ഹാദി, സിറിയന്‍ വൈസ്പ്രസിഡന്റ് ഫാറൂഖ് ശരഅ, മൗറീഷ്യസ് പ്രസിഡന്റ് ഡോ. മൗലേ വാലാട് മുഹമ്മദ്, തുര്‍ക്കി ഉപപ്രധാനമന്ത്രി ബുലന്ദ് അരീനഗ് തുടങ്ങിയവര്‍ ജനാസ ചടങ്ങുകളില്‍ പങ്കെടുത്തു.
Oct 26, 2011
കാരുണ്യത്തിന്റെ സുല്‍ത്താന് വിട
Subscribe to:
Post Comments (Atom)




No comments:
Write comments