Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 16, 2012

സമസ്ത കേരള സുന്നി യുവജന സംഘം പിറവിയെടുത്തു എങ്ങിനെ.? എവിടെ വെച്ച്‌..? എന്തിന്‌ വേണ്ടി.. ?......................................1954 ഏപ്രില്‍ 25ന് സമസ്തയുടെ താനൂര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചര്‍ച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. ഇതേതുടര്‍ന്ന് അതേവര്‍ഷംതന്നെ റമളാന്‍ പതിനേഴിന് (1954 മെയ്) കോഴിക്കോട്ടെ അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം ഹാളില്‍ ഒരു ബഹുജന കണ്‍വെന്‍ഷന്‍ നടന്നു. അതില്‍വെച്ച് സമസ്ത കേരള സുന്നി യുവജനസംഘം രൂപീകൃതമായി. ബി. കുട്ടിഹസന്‍ ഹാജി പ്രസിഡന്റും കെഎം മുഹമ്മദ്‌കോയ മാത്തോട്ടം ജനറല്‍സെക്രട്ടറിയുമായിരുന്നു.
1959ലാണ് ആദ്യ പുനഃസംഘടന നടന്നത്. സുപ്രസിദ്ധ വാഗ്മി പൂന്താനം അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡന്റും ബി കുട്ടിഹസന്‍ ഹാജി ജനറല്‍ സെക്രട്ടറിയുമായി നിലവില്‍വന്ന കമ്മിറ്റിയുടെ കാലത്താണ് സംഘടനയുടെ ഭരണഘടന തയ്യാറായത്. പൊതുസമ്മേളനത്തില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തി പ്രഖ്യാപിക്കുകയും സഹകരിച്ച് വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. വ്യത്യസ്ത കാലങ്ങളില്‍ നടന്ന പുനഃസംഘടനകളില്‍ പ്രഗത്ഭമതികളായ ഉലമാ-ഉമറാ നേതൃത്വം സംഘടനയെ മുന്നോട്ടുനയിച്ചു.
ആദര്‍ശപ്രചാരണ രംഗത്തും സമുദായ സമുദ്ധാരണ രംഗത്തും സംഘടന നടത്തിയ കാല്‍വെപ്പുകളെല്ലാം ചുവടുറച്ചതായിരുന്നു. ഒരു ബഹുജന പ്രസ്ഥാനമെന്ന നിലയില്‍ ആവശ്യമായ മേഖലകളിലെല്ലാം ഇടപെടുകയും സാന്നിധ്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. സമസ്തയുടെ സ്ഥാപിതവും പ്രഖ്യാപിതവുമായ ലക്ഷ്യപ്രാപ്തിക്കായി വ്യത്യസ്ത പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്തുവരുന്നു. ക്രമാനുഗതമായ അതിന്റെ വളര്‍ച്ചയും സ്വീകാര്യതയും നിരവധി ശ്രദ്ധേയപ്രവര്‍ത്തനങ്ങളുടെ ഫലമാണ്.

എഴുപതുകളുടെ മധ്യം സംഘടനയുടെ പ്രചാരണ പ്രവര്‍ത്തനചരിത്രത്തിലെ സുവര്‍ണ്ണകാലഘട്ടത്തിന്റെ തുടക്കമായിരുന്നു. സമസ്തയുടെയും എസ്‌വൈഎസിന്റെയും ആശയപ്രതിബദ്ധതയുടെ തിളക്കം കൂടുതല്‍ പ്രകടമാക്കാന്‍ കഠിനാധ്വാനംചെയ്ത പണ്ഡിതശ്രേഷ്ഠര്‍ മര്‍ഹൂം ഇകെ ഹസന്‍മുസ്‌ലിയാര്‍ ന.മ അവര്‍കളുടെ ആധ്യക്ഷ്യം മുതല്‍ക്കാണിത്. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ കാര്യദര്‍ശിത്വവും കൂടിയായപ്പോള്‍ കേരളമുസ്‌ലിം നവോത്ഥാനം പുതിയദിശയും ചരിത്രവും ആര്‍ജ്ജിച്ചുതുടങ്ങി.

1978ല്‍ കോഴിക്കോട് നടന്ന സമ്മേളനവും (മര്‍കസ് ശിലാസ്ഥാപനം ഈ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു) 1989ലെ എറണാകുളം സമ്മേളനം, 1994ലെ നാല്‍പതാം വാര്‍ഷികസമ്മേളനം, 2004ലെ ഗോള്‍ഡന്‍ജൂബിലി സമ്മേളനം, 2008ലെ ദേശീയ ഇസ്‌ലാമിക സമ്മേളനം തുടങ്ങിയവയും പുളിക്കല്‍, ഫറോക്ക്, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ നടന്ന സമ്മേളനങ്ങളും സംഘടനാചരിത്രത്തില്‍ സുവര്‍ണ്ണാധ്യായങ്ങള്‍ തീര്‍ക്കുകയും വളര്‍ച്ചയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആദര്‍ശപ്രതിബദ്ധതയുള്ള പ്രവര്‍ത്തനപദ്ധതികളുമായി മുന്നേറുന്ന സംഘടന വളര്‍ച്ചയുടെ പടവുകളില്‍ കൃത്യമായ അടയാളപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. വലിയൊരു പ്രവര്‍ത്തനവ്യൂഹത്തെയും അനുഭാവിവൃന്ദത്തെയും ആദര്‍ശാധിഷ്ഠിത ശിക്ഷണത്തില്‍ പരിചരിച്ചെടുക്കാന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിനകത്തുനിന്നും പുറംകടന്ന് മലയാളിയുള്ളിടത്തെല്ലാം സംഘടനാചലനങ്ങള്‍ നടന്നുവരുന്നു. ഭാഷാപരമായ പരിമിതി കടന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എസ്‌വൈഎസിന്റെ മാതൃകാചലനങ്ങള്‍ പ്രകടമാണിന്ന്. ദേശീയമായ വ്യാപനത്തിന്റെ സുവര്‍ണ്ണഘട്ടത്തിലാണ് എറണാകുളത്ത് ദേശീയ ഇസ്‌ലാമിക സമ്മേളനം നടന്നത്. കേരളീയ സമൂഹത്തിന് സിദ്ധിച്ച നേതൃസൗഭാഗ്യത്തിന്റെ മാധുര്യവും പരിരക്ഷയും ഇന്ത്യന്‍ സമൂഹത്തിനാകെ നല്‍കാനാവുമോ എന്ന ആലോചന ഏറെ മുന്നേറിയിട്ടുണ്ട്.

No comments:
Write comments